കോഴിക്കോട്: പരേഡുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂര്‍ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവര്‍ണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡില്‍ ഉപയോഗിച്ചത്. അഭിവാദ്യം സ്വീകരിക്കാന്‍ പൊലീസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ കോഴിക്കോട് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ചടങ്ങിലാണ് ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനത്തില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പരേഡുകളില്‍ മാലൂര്‍ക്കുന്ന് ക്യാംപിലെ പൊലീസ് ജീപ്പാണ് രൂപമാറ്റം വരുത്തി വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്.
ഈ വാഹനം ഉണ്ടായിരിക്കെയാണ് കരാറുകാരന്റെ സ്വകാര്യ വാഹനം റിപ്പബ്ലിക് ദിനത്തിനു 4 ദിവസം മുന്‍പ് ക്യാംപില്‍ എത്തിച്ചത്. വാഹനത്തിന്റെ മുന്‍വശത്തെ ചില്ലില്‍ കരാര്‍ കമ്പനിയുടെ പേരുണ്ടായിരുന്നതിനു മേലേയാണ് ത്രിവര്‍ണ റിബണ്‍ സ്റ്റിക്കര്‍ ഒട്ടിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 7ന് പൊലീസ് ഡ്രൈവര്‍ ഈ വാഹനം മൈതാനത്ത് എത്തിച്ചു. എന്നാല്‍ സര്‍ക്കാര്‍ റജിസ്ട്രേഷനല്ലാതെ, മലപ്പുറം റജിസ്ട്രേഷനുള്ള വാഹനം എത്തിയതോടെ തന്നെ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നടക്കം സംശയമുയര്‍ന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ വാഹനത്തില്‍ കയറി സല്യൂട്ട് സ്വീകരിച്ചു. 15 മിനിറ്റ് പരേഡിനു ശേഷം വാഹനം തിരിച്ചുപോയി. അതേസമയം തുറന്ന വാഹനം പോലീസില്‍ ഇല്ലാത്തതിനാലാണ് ഈ വാഹനം ഉപയോഗിക്കേണ്ടിവന്നത് എന്നാണ് പോലീസിന്റെവിശദീകരണം.


