കോഴിക്കോട്: തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ വന്‍വിജയത്തെ തുടര്‍ന്നാണ് ഐടി ആവാസവ്യവസ്ഥ മലബാറിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2009 ജനുവരി 28നാണ് കോഴിക്കോട് പാലാഴിക്കു സമീപം 42.5 ഏക്കര്‍ സ്ഥലത്ത് സൈബര്‍ പാര്‍ക്ക് ആരംഭിച്ചത്. അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ ‘സഹ്യ’ കെട്ടിടത്തില്‍ 82 ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. സെസ് ഇതര മേഖലയിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കെട്ടിടത്തില്‍ 22 സ്റ്റാര്‍ട്ടപ്പ് കമ്പനികളുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 2200 ഐടി പ്രഫഷനലുകള്‍ ജോലി ചെയ്യുന്നത്. 3 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഐടി പാര്‍ക്കുകളുടെ വളര്‍ച്ച പരമാവധിയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിനാണ് അനന്തസാധ്യതകളുള്ളത്. നിലവില്‍ സൈബര്‍ പാര്‍ക്കില്‍ കമ്പനികള്‍ നിറഞ്ഞ സാഹചര്യത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഫുട്ബോള്‍ ടര്‍ഫ്, ബാഡ്മിന്റണ്‍ കോര്‍ട്ട് , ബാസ്‌കറ്റ്ബോള്‍ കോര്‍ട്ട് എന്നിവ കൂടാതെ ബൈക്ക്, കാര്‍ എന്നിവയ്ക്കായി ഇലക്ട്രോണിക് ചാര്‍ജിങ് സ്റ്റേഷനും നിര്‍മിച്ചിട്ടുണ്ട്. അത്യാധുനിക മാലിന്യസംസ്‌കരണ സംവിധാനം, 5 ലക്ഷം ലീറ്റര്‍ ശുദ്ധജല സംഭരണി എന്നിവയും പൂര്‍ത്തീകരിച്ചു.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണവും ഉടന്‍ തുടങ്ങും. പതിനഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന സ്മരണികയും ലോഗോയും പുറത്തിറക്കുമെന്നും സിഇഒ പറഞ്ഞു. സാഹിത്യനഗരമായ കോഴിക്കോടിന്റെ സാംസ്‌കാരിക പശ്ചാത്തലവും ഗള്‍ഫ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും മികച്ച ഐടി മേഖലയായി മാറാനുള്ള സാധ്യത കൂട്ടുകയാണ്. ആറുവരി ദേശീയപാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ ഏറ്റവുമധികം ഗതാഗതസൗകര്യമുള്ള ഐടി പാര്‍ക്കായി കോഴിക്കോട് സൈബര്‍പാര്‍ക്ക് മാറും. പാര്‍ക്കിന്റെ 180 കിലോമീറ്റര്‍ ചുറ്റളവില്‍ 4 രാജ്യാന്തര വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതുംസൗകര്യമാണ്.


