മുക്കം: കേരളത്തില്‍ ഒരു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വളരെ സജീവമായിരുന്നതും മലയാള നാടകത്തിന്റെ തന്നെ ആദ്യ ഭാഗയിരുന്ന വെള്ളരിനടകം അതിന്റെ തനത് രൂപത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സ് ഈ മാസം 11 ,12, 13 തീയതികളില്‍ മുക്കം മാമ്പറ്റയില്‍ നടത്താനിരിക്കുന്ന വിത്തും കൈക്കോട്ടും നാടകത്തിന്റെ ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. മുക്കം മാമ്പറ്റയിലെ ചാലിയാര്‍ അബ്ദുവിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 20 സെന്റ് സ്ഥലത്താണ് നാടകത്തിന്റെ പശ്ചാത്തലമായുള്ള പച്ചക്കറി കൃഷിയും മണ്‍തിട്ട കൊണ്ടുള്ള സ്റ്റേജുകളും ഒരുങ്ങിയിരിക്കുന്നത്.
നാടകത്തിന്റെ ഭാഗമായുള്ള പൂരം നടത്താനുള്ള ക്ഷേത്രത്തിന്റെ പ്രവര്‍ത്തി പുരോഗമിച്ചു വരുന്നുണ്ട്. കാണികള്‍ ഉള്‍പ്പെടെ കഥാപാത്രങ്ങള്‍ ആകുന്ന നാടകത്തില്‍ ഒരേക്കര്‍ 20 സെന്റില്‍ ഒരുക്കിയ പച്ചക്കറി കൃഷി ഉള്‍പ്പെടെ നാടകത്തിന്റെ പശ്ചാത്തലമായി മാറും എന്നതാണ് നാടകത്തിന്റെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കാര്‍ഷികവൃത്തി സജീവമായിരുന്ന കാലത്ത് കൃഷിയിടത്തില്‍ തന്നെ സംഘടിപ്പിച്ചിരുന്നതും മലയാള നാടകത്തിന്റെ ആദ്യഭാഗവുമായ വെള്ളരി നാടകം അതിന്റെ തനത് രൂപത്തില്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളരിപ്പാടം തിയേറ്റേഴ്സ് നാടകം അവതരിപ്പിക്കുന്നത്. നേരത്തെ കേരളത്തിന് വിവിധ ഭാഗങ്ങളില്‍ ഇത്തരം നാടകങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൃഷി ഉള്‍പ്പെടെ ചെയ്ത് തനത് രൂപത്തില്‍ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണെന്നും സംഘാടകര്‍ പറഞ്ഞു. നാടകം കാണാന്‍ എത്തുന്നവര്‍ക്കായി ഏറെ രുചിയേറിയ ജൈവ ഭക്ഷണവും ഒരുക്കുന്നുണ്ട്. 40ലേറെ കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കീഴുപറമ്പ് സ്വദേശി കുഞ്ഞിപോക്കറും സംവിധാനം പാറമ്മല്‍ അഹമ്മദ് കുട്ടിയുമാണ്.


