മേലടി: ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതിസൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭൂമികയുടെ ഉദ്ഘാടനം നടന്നു. കുറ്റ്യാടി ഇറിഗിന്‍ കനാലിനോട് ചേര്‍ന്നുള്ള അനുയോജ്യമായ പൊതു ഇടങ്ങളില്‍ ഫലവൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുക എന്ന ദൗത്യമാണ് പദ്ധതി പ്രകാരം നടത്തുന്നത്. 250 ഓളം മാവ്, സപ്പോട്ട ഗ്രാഫ്റ്റ് തൈകളാണ് നട്ടു പിടിപ്പിക്കുക. തൈകളുടെ നടീല്‍ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഫലവൃക്ഷതൈ നട്ട് നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡണ്ട് പി. പ്രസന്ന അധ്യക്ഷത വഹിച്ചു. കൃഷി അസി: ഡയറക്ടര്‍ സ്മിത ഹരിദാസ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ലീന പുതിയോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേപ്പയൂര്‍ പഞ്ചായത്തിലെ 6,7,9,15 വാര്‍ഡുകളിലും തുറയൂര്‍ പഞ്ചായത്തിലെ 5,6 വാര്‍ഡുകളിലും ഉള്‍പ്പെട്ട സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ക്ഷീര വികസന വകുപ്പുമായി ചേര്‍ന്ന് ജൈവ വളങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തി ഗുണമേന്മയുള്ള ഫലവൃക്ഷ തൈകള്‍ വിഎഫ്പിസികെ മുഖേനയാണ് ലഭ്യമാക്കുന്നത്. 100 എണ്ണം മാവ് ഗ്രാഫ്റ്റ് തൈകളും 150 എണ്ണം സപ്പോട്ട ഗ്രാഫ്റ്റ് തൈകളും ആണ് നടാനായി ഉള്ളത്. 3 വര്‍ഷത്തോളം ഈ തൈകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനു പ്രാദേശിക പരിപാലന കമ്മിറ്റികള്‍ അതാത് ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.


