Kozhikode Vision

താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ മരയ്ക്കാര്‍ വീട്ടില്‍ റാഷിദ ആണ് മരിച്ചത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വിദേശയാത്രയ്ക്ക് പോകുന്ന രണ്ടുപേരെ യാത്രയാക്കി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.

ചുരത്തിന്റെ രണ്ടാം വളവില്‍ നിന്ന് എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയില്ലാത്ത് ഭാഗത്ത് കൂടെ കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. കാറില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. അപകടം സംഭവിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ്, മുക്കം ഫയര്‍ഫോഴ്സ്, ചുരം എന്‍ആര്‍ഡിഎഫ്, വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നൂറ് മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് ആദ്യം പുറത്ത് എത്തിച്ചത്. ശക്തമായ മഴയും കാറിനു മുകളിലേക്ക് പന വീഴുകയും ചെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. രാത്രി പതിനൊന്നരയോടെയാണ് രണ്ട് പേരെ കൂടി കാറില്‍ നിന്നും പുറത്തെത്തിക്കാന്‍ സാധിച്ചത്. പരിക്കേറ്റ ഒരാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റ് ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് എത്തിച്ചത്. അതേ സമയം ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ റാഷിദയുടെ മരണം സംഭവിച്ചിരുന്നു.

ചുരത്തിലെ രണ്ടാം വളവില്‍ റോഡിന്റെ അരികുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നിടത്താണ് അപകടം സംഭവിച്ചത്. മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് ഷാന്‍, അസ്ലം, ജിഷാദ്, മുഹമ്മദ് നിഷാദ്, റിയ, ആസ്യ, ഷൈജല്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചുരത്തിന്റെ ഇരുവശത്തെ ഗതാഗതം നിയന്ത്രിച്ചതിനാല്‍ രണ്ടാം വളവിന് താഴെയും മുകളിലുമായി വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. രാത്രി 12 മണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *