മുക്കം: ചെറുവാടി പുഞ്ചപ്പാടത്ത് നെല്‍കൃഷിക്ക് തുടക്കമിട്ട് ജി.എച്ച്.എസ്.എസ് ചെറുവാടിയിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ്. അന്ന പോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി ആരംഭിച്ചത്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം സംയുക്തമായി നടപ്പാക്കുന്ന പദ്ധതി, കോഴിക്കോട് ഡിസ്ട്രിക്ട് അഗ്രികള്‍ച്ചറിസ്റ്റ് ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്നത്.
വിത്തിറക്കല്‍ ഉദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിര്‍വഹിച്ചു. നൂറ്റി ഇരുപത് ദിവസത്തെ മൂപ്പ് ആവശ്യമുള്ള ഉമ വിത്താണ് കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇരുപത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാറ് പറിച്ചു നടും. വാര്‍ഡ് മെമ്പര്‍ മജീദ് റിഹ്ല, പിടിഎ പ്രസിഡന്റ് ഷരീഫ് കൂട്ടക്കടവത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷകീബ് കീലത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുജിത് ഉച്ചക്കാവില്‍, കോ-ഓപ് സൊസൈറ്റി അംഗം വിജീഷ് പരവരി, യന്ത്രകൃഷി വിദഗ്ദന്‍ എം.മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായി. വളണ്ടിയര്‍ ലീഡര്‍മാരായ ഹിബ, സാരംഗ്, ദിയാന, ബ്രിജൈ എന്നിവര്‍ നേതൃത്വംനല്‍കി.
)


