തിരുവങ്ങൂര്‍: കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരവും അറുപതു വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത സമഗ്ര വികസനവുമാണെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കന്‍ മേഖല വികസന സഹമന്ത്രി ബി.എല്‍. വര്‍മ. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി പൊതുസമ്മേളനത്തില്‍ തിരുവങ്ങൂരില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാവപെട്ടവര്‍ക്ക് വരെ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ സഹായിച്ച ജന്‍ ധന്‍ യോജന ഇതിന് ഏറ്റവും വലിയ ഉദാഹരണം ആണെന്നും മുന്‍പ് സര്‍ക്കാര്‍ നല്‍കുന്ന ധന സഹായങ്ങള്‍ ഇടനിലക്കാര്‍ കടന്ന് അര്‍ഹരായവരിലേക്ക് എത്താത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ജന്‍ധന്‍ അകൗണ്ടിലേക് നേരിട്ട് അവ എത്തുന്നത് ഇടനിലക്കാരുടെ അഴിമതി ഇല്ലാതാക്കി. മുദ്ര യോജന, ആവാസ് യോജന, ഉജ്ജ്വല യോജന, തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തുടനീളം വികസനം എത്തിയിരിക്കുന്നെന്നും കേരളത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റം ആണ് ഉണ്ടാക്കിയത്. 32000 പാവപെട്ട കുടുംബങ്ങള്‍ക്ക് കേരളത്തില്‍ പി. എം. ആവാസ് യോജന വഴി വീട് ലഭിച്ചു. അതുപോലെ 36 ലക്ഷം വീടുകളില്‍ കേരളത്തില്‍ ജല്‍ ജീവന്‍ മിഷന്‍ വഴി ശുദ്ധജലം എത്താന്‍ ഉള്ള സൗകര്യം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും ശക്തവും സമൃദ്ധവും ആയ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യുവജനങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ദരിദ്രര്‍ തുടങ്ങിയ വിഭാഗങ്ങളെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വികസന ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഉജ്ജ്വല യോജന പദ്ധതി പ്രകാരം ചെമഞ്ചേരി പഞ്ചായത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി നല്‍കി. ചെമഞ്ചേരി പഞ്ചായത്തിലെ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കര്‍ഷകര്‍ക്കായി കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂര സംവിധാനം വഴി ഗുണഭോക്താക്കയുമായി സംവദിച്ചു. ചടങ്ങില്‍ കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടോമ്‌സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര ഡയരക്ടര്‍ രാധാകൃഷ്ണന്‍ കെ.പി, കേന്ദ്ര ഫിഷറീസ് ബോര്‍ഡ് മെമ്പര്‍ എന്‍.പി. രാധാകൃഷ്ണന്‍, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ ടി.എം, അഡ്വ. വി.കെ. സജീവന്‍, എസ്.ആര്‍. ജയ്കിഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. ആധുനിക കൃഷി രീതികള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയിലും മന്ത്രി പങ്കെടുത്തു.


