അത്തോളി: കൊളത്തൂരിലെ പരം കംപ്യൂട്ടേഴ്സസ് ഉടമ വായനോത്ത് രാമചന്ദ്രന് എതിരേയാണ് 21 പേര്‍ പരാതിയുമായി രംഗത്തെത്തിയത്. ഓരോരുത്തരില്‍ നിന്നും ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം രൂപ വാങ്ങി ജോലി വാഗ്ദാനം ചെയ്തുവെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി അറുപതോളം പേരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും 21 പേര്‍ മാത്രമാണ് പൊലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. വനിതകളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.
2020 മുതല്‍ക്കാണ് ഇയാള്‍ പണം വാങ്ങി തുടങ്ങിയത്. ജോലി വാഗ്ധാനം തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും നിരവധി ആളുകള്‍ വലയിലകപ്പെട്ടിരുന്നു.
ഏതാനും പേര്‍ക്ക് കുറച്ചു ദിവസങ്ങള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി നല്‍കി. ഭൂരിപക്ഷം പേര്‍ക്കും ജോലി ലഭിച്ചതുമില്ല. രാമചന്ദ്രനെതിരേ കാക്കൂര്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നന്മണ്ട പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എടവലത്ത് കെട്ടിടത്തിലാണ് സ്ഥാപനം തുടങ്ങിയത്. ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വളരെ മെച്ചപ്പെട്ട വന്‍ സജ്ജീകരണങ്ങളോടെയായിരുന്നു സ്ഥാപനം. കേന്ദ്ര സര്‍ക്കാറിന്റെ പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്തു കൊടുക്കുന്ന സ്ഥാപനമാണെന്നും പ്രതിമാസം 20,000 രൂപ ശമ്പളം നല്‍കുമെന്നുമായിരുന്നു നല്‍കിയ വാഗ്ധാനം. ആദ്യ ബാച്ചില്‍ ജോലി ചെയ്തവര്‍ക്ക് കൃത്യമായി ശമ്പളവും നല്‍കിയിരുന്നു.
ഇവരില്‍ നിന്നും സ്ഥാപനത്തപ്പറ്റി ചോദിച്ചറിഞ്ഞവരാണ് പിന്നീട് ജോലിക്കായി പണം നല്‍കിയത്. എന്നാല്‍ ജോലിക്കു വേണ്ടിയല്ല പണം കടമായി നല്‍കിയാല്‍ മതിയെന്നും ആറ് മാസത്തിനുള്ളില്‍ തിരികെ തരാമെന്ന് വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ഥികള്‍ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിട്ടു നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കാക്കൂര്‍ എസ്.എച്ച്. ഒ യുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നിരുന്നു. ആഭരണങ്ങളും ഭൂരേഖകളും പണയപ്പെടുത്തിയാണ് പണം നല്‍കിയതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.എം ഷിജില, സി. ധന്യ, ദീപ്തി പ്രസാദ്, പി.ബി പ്രതിഭ, സി. മുരളീധരന്‍പങ്കെടുത്തു.


