Kozhikode Vision

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് പ്രൗഢ തുടക്കം; സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവം ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂര്‍ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാല്‍

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് പ്രൗഢ തുടക്കം; സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവം ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂര്‍ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാല്‍

ബേപ്പൂര്‍: ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്. മേല്‍പ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോള്‍ കര ആകാശമുയരത്തില്‍ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകര്‍ന്നും ഉത്സവത്തെ വരവേറ്റു. ബേപ്പൂര്‍ മറീന ബീച്ചില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ധനന്ത്രി കെ.എന്‍. ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി. അടുത്ത വര്‍ഷം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയ്‌സ് ഷിപ്പിങ്ങ് ആണെന്നും ബേപ്പൂര്‍ ക്രൂയ്‌സ് ഷിപ്പിങ്ങ് രംഗത്ത് പ്രധാന കേന്ദ്രമായി മാറുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍ വരുന്നതിലും വലിയ കപ്പലുകള്‍ വരാന്‍ ഡ്രെഡ്ജിങ് നടത്താനായി ബേപ്പൂര്‍ തുറമുഖത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. കൂടാതെ സാഗര്‍മല പദ്ധതിയില്‍ പുതിയ വാര്‍ഫ് ഉള്‍പ്പെടെ സമഗ്ര വികസനത്തിനും ഫണ്ടുണ്ട്. 300 മുതല്‍ 500 പേര്‍ വരെ കയറുന്ന ക്രൂയിസ് കപ്പല്‍ അടുക്കാനായാല്‍ ബേപ്പൂര്‍ ഈ രംഗത്തെ പ്രധാന കേന്ദ്രമായി മാറും,’ മന്ത്രി പറഞ്ഞു.

ബേപ്പൂര്‍ ഫെസ്റ്റ് പോലുള്ള നാടിന്റെ കൂട്ടായ്മകളാണ് നമ്മെ നാമാക്കുന്നത് എന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ‘ഈ കൂട്ടായ്മ പുതിയ മുന്നേറ്റമാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത് എന്ന് വ്യക്തമാകുന്നു,’ മന്ത്രി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമാണ് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന് അധ്യക്ഷത വഹിച്ച വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ‘2021 ലെ കണക്കനുസരിച്ചു വെറും ആറു ശതമാനമായിരുന്നു മലബാറില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം. ഇത് മറികടക്കാനാണ് ബേപ്പൂര്‍ പോലെ നിരവധി സ്ഥലങ്ങളില്‍ ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. മലബാറില്‍ ടൂറിസം വികസിക്കുമ്പോള്‍ അത് മൊത്തം സംസ്ഥാനത്തിന്റെ കുതിപ്പിന് വഴിയൊരുക്കും,’ മന്ത്രി റിയാസ് വിശദമാക്കി.

ചടങ്ങില്‍ എംഎല്‍എ അഹമ്മദി ദേവര്‍ കോവില്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍ എന്നിവരും സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *