കൊണ്ടോട്ടി: ശരീരത്തിനുള്ളിലും മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്‌സിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് ഐഎക്‌സ് 346 വിമാനത്തില്‍ എത്തിയ കാസേര്‍ഗോട് തെക്കില്‍ സ്വദേശി മുഹമ്മദ് ജവാദ്, റാസല്‍ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 332 വിമാനത്തില്‍ എത്തിയ മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസ് മീമ്പിടി എന്നിവരാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്.
റീ-എക്‌സ്‌റേയിലെ സംശയാസ്പദമായ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ജവാദിന്റെ ബാഗേജ് തുറന്ന് പരിശോധിച്ചതില്‍ നിന്നുമാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്‌സിനുള്ളില്‍ ഒളിപ്പിച്ച 180 ഗ്രാം സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണക്കഷണം പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. അതേസമയം ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് അനീസ് മീമ്പിടിയെ പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിലായി ഒളിപ്പിച്ച നിലയില്‍ 3 ഗുളികള്‍ കണ്ടെത്തിയത്. 983 ഗ്രാം തൂക്കമുള്ള ഗുളികളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതില്‍ 914 ഗ്രാം സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞു. വിപണിയില്‍ ഏകദേശം 57 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാനായി വലിയ സുരക്ഷ സംവിധാനങ്ങള്‍ കരിപ്പൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


