കരുവണ്ണൂര്‍: ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിലെ കര്‍ണികാരമണ്ഡപം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു വീഴുമെന്ന സ്ഥിതിയായിരുന്നു. ഇതു പൂര്‍ണമായും പൊളിച്ചുമാറ്റി തച്ചുശാസ്ത്ര പൈതൃകം സംരക്ഷിച്ചുകൊണ്ട് നേരത്തേയുണ്ടായിരുന്ന അതേരീതിയില്‍ പുതുക്കിപ്പണിതു. ഇതാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പരമ്പരാഗത വാസ്തുകലാ സംരക്ഷണ പ്രവര്‍ത്തനത്തിന് കേരളത്തിനു ലഭിക്കുന്ന മൂന്നാമത് പുരസ്‌കാരമാണ് ഇത്. 2015ല്‍ തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കും 2020ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണത്തിനും ആണ് ഇതിനു മുന്‍പ് യുനെസ്‌കോ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
ദാരുവില്‍ത്തീര്‍ത്ത 16 കാല്‍മണ്ഡപത്തിന്റെ കാലുകള്‍ മണ്ണില്‍ ഉറപ്പിക്കാതെ വെറുതേവെച്ച രീതിയിലാണെന്നതാണ് പ്രത്യേകത. ആദ്യമണ്ഡപവും ഇതേരീതിയിലായിരുന്നു. ചെങ്കല്ലുകൊണ്ടാണ് തറ പണിതത്. കുളിര്‍മാവിന്റെ ഇലയും കുമ്മായവും ഇടിച്ചുചേര്‍ത്തതിലേക്ക് മണലും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കിയ മിശ്രിതമാണ് സിമന്റിന് പകരം ഉപയോഗിച്ചത്. മണ്ണിട്ടനിലം ചാണകമെഴുകിയാണ് ഒരുക്കിയിരിക്കുന്നത്. നിലത്തിന്റെ നാല് അരികുകളിലായി കരിങ്കല്‍പ്പലക പതിച്ചിട്ടുണ്ട്. ”മുന്‍പുണ്ടായിരുന്ന മണ്ഡപത്തിലെ പൊട്ടിപ്പോയ കരിങ്കല്ലുകള്‍ മാത്രമാണ് മാറ്റിയത്. ശ്രീകോവിലിന് മുന്നിലായിവരുന്ന ഭാഗത്ത് പതിച്ച കരിങ്കല്ലില്‍ ഒരു ചതുരംഗക്കളം കൊത്തിവെച്ചിട്ടുണ്ട്.
മണ്ഡപത്തിന്റെ 12 ചെറിയ കാലുകളും നാലുവലിയ കാലുകളും പണിതത് വേങ്ങമരത്തിലാണ്. ഒട്ടേറെ പ്രാചീനക്ഷേത്രങ്ങള്‍ പുതുക്കിപ്പണിതിട്ടുള്ള ചിത്രേഷ് ആചാരിയും സംഘവുമാണ് മണ്ഡപംനിര്‍മിച്ചത്. ഒന്‍പതുപണിക്കാര്‍ ചേര്‍ന്ന് രണ്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി. 40 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്. ഏഷ്യ പസഫിക് മേഖലയില്‍ ആകെ 12 എന്‍ട്രികളാണ് പരിഗണിച്ചത്. ഹോങ് കോങ് എസ്.എ.ആറിലെ ഫാന്‍ലിംഗ് ഗോള്‍ഫ് കോഴ്സ്, ചൈനയിലെ യാങ്ഷൌവിലെ ചൈന ഡോങ്ഗ്വാന്‍ ഗാര്‍ഡന്‍ റെസിഡന്‍സ് എന്നീ പദ്ധതികള്‍ക്ക് ഒപ്പമാണ് കുന്ദമംഗലം ക്ഷേത്രത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സുസ്ഥിര വികസന രീതികള്‍ക്കുള്ള പ്രത്യേക അംഗീകാരവും കര്‍ണ്ണികാര മണ്ഡപത്തിന്ലഭിച്ചു.


