താമരശ്ശേരി: പ്രത്യേകിച്ച് പരിപാലനമൊന്നും ആവശ്യമില്ലാതെ തന്നെ തൊടിയിലും കൃഷിയിടങ്ങളിലും സ്വാഭാവികമായി വിളയുന്ന കാന്താരിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിലുള്ള എരിവും, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉള്ള കഴിവുണ്ടെന്നും കരുതപ്പെടുന്ന പച്ചമുളക് വര്‍ഗ്ഗത്തിലെ ഏറ്റവും കുഞ്ഞന്‍ കാന്താരി മുളക് അഥവാ ചീരാമുളക് എന്ന് ഇഷ്ടപ്പെടുന്നവര്‍ വിളിക്കുന്ന ഇത്തിരി കുഞ്ഞന്‍ മുളകാണ് ഇപ്പോള്‍ മുളക് വിപണി കീഴടക്കിയിരിക്കുന്നത്. ഗുണവും വലിപ്പവും അനുസരിച്ച് ഇവയ്ക്ക് വിലയും കൂടുതലാണ്. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലന മുറകളോ ഇല്ലാതെ തന്നെ നല്ല വിള ലഭിക്കും എന്നതാണ് കാന്താരിമുളകിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
ജില്ലയിലെ മലയോരമേഖലയായ കൂടരഞ്ഞി, പൂവാറും തോട്, ആനക്കാംപൊയില്‍, തുഷാരഗിരി മേഖലയിലെ ആദിവാസികളായ മുത്തന്‍ന്മാരാണ് കാട്ടില്‍ സമൃദ്ധമായി വിളയുന്ന ചീരാമുളക് വിപണിയില്‍ എത്തിക്കുന്നത്. മലയോരമേഖലയില്‍ നിന്നും വിപണിയിലെത്തുന്ന ചീരാമുളകിനാണ് ആവശ്യക്കാര്‍ ഏറെയാണ്. മറ്റു ജോലി സാധ്യതകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ജീവിതോപാധിയായി മുത്തന്‍ന്മാര്‍ ചീരാമുളക് ശേഖരണം തുടങ്ങിയത്. കിലോയ്ക്ക് 100- 150 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ ചീരാമുളക് വില്‍ക്കുന്നത്. ചില്ലറ വില്‍പ്പനയില്‍ 100 ഗ്രാമിന് 20 രൂപ വരെ ഈടാക്കുന്നുണ്ട്. വില വര്‍ദ്ധിച്ചതോടെ കൃഷിഭവനുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളില്‍ കാന്താരി മുളക് തൈ ചോദിച്ച് വരുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ആവശ്യക്കാര്‍ കൂടിയതോടെ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കാന്താരി മുളക് തൈകളുടെ വിതരണം തുടങ്ങി. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടന്‍ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞന്‍താരമാക്കിയത്.


