കൊടുവള്ളി: ദേശീയ റോഡ് സുരക്ഷാവാരം 2024 ന്റെ ഭാഗമായാണ് കൊടുവളളി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേത്യത്വത്തില്‍ ദേശീയ റോഡ് സുരക്ഷാവാരം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന പരിപാടിയുടെ സമാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലം എംഎല്‍എ അഡ്വ. പി.ടി.എ റഹീം നിര്‍വ്വഹിച്ചു. സുരക്ഷാവാരത്തിന്റെ ഭാഗമായ് ബോധവത്കരണം, വാഹന പരിശോധന, ഫ്ലാഷ് മൊബ് തുടങ്ങിയവ സംഘടിപ്പിച്ചു. സമാപന ദിനത്തിന്റെ ഭാഗമായ് മുക്കം ബസ് സ്റ്റാന്റ് പരിസരത്ത് ദയാപുരം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വുമണ്‍ എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് റോഡ് സുരക്ഷാ സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
പരിപാടിയില്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്കും, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസും, സായി ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ നേത്വത്വത്തില്‍ പ്രഥമ ശുശ്രൂഷ പരിശീലനവും, കാലിക്കറ്റ് ഐ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും നടത്തി. കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന പരിപാടിയില്‍ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. കൊടുവള്ളി ജോയിന്റ് ആര്‍ടിഒ അഭിലാഷ് കെ.ബി, എംവിഐ ഗിരീഷ് എം.ജി തുടങ്ങിയവര്‍സംസാരിച്ചു.


