മാവൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ അപകട ഭീഷണിയായവ പൊളിച്ചു നീക്കാനാണ് തീരുമായത്. ഇതുപ്രകാരം മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍ റോഡുകളുടെ അരികില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്ന ബഹുനില കെട്ടിടങ്ങളാണ് പ്രധാനമായും പൊളിച്ചുനീക്കുന്നത്. ഗ്രാസിം മാവൂര്‍ വിടുക ഗ്രാസിം ഭൂമിയില്‍ വ്യവസായം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരം ശക്തിപ്പെടുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു നീക്കുന്നത്.
ഫാക്ടറി പ്രവര്‍ത്തിക്കുന്ന സമയത്ത് തൊഴിലാളി കുടുംബങ്ങള്‍ താമസിച്ച ഈ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ പലതും ജീര്‍ണിച്ച് അപകടഭീഷണിയിലാണ്. കൂളിമാട് റോഡില്‍ എട്ടോളം കെട്ടിടങ്ങളാണ് റോഡരികിലായുള്ളത്. ഗ്രാസിം കോളനി റോഡിലും കെട്ടാങ്ങല്‍ റോഡരികിലുമായി വേറെയുമുണ്ട്. ഇതില്‍ അപകട ഭീഷണിയായവ പൊളിച്ചുമാറ്റുന്നതിനാണ് പ്രാദേശിക ഭരണ ചുമതലയുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജര്‍ ലഫ്റ്റനന്റ് കേണല്‍ കെ.കെ. മനു ബിര്‍ള മാനേജ്മെന്റിന്റെ അനുമതി തേടിയത്. അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് നിലകളിലായുള്ള അഞ്ച് ക്വാട്ടേഴ്സുകളാണ് ആദ്യഘട്ടത്തില്‍ പൊളിച്ച് നീക്കുന്നത്. ഫാക്ടറി ഭൂമിയിലെ കെട്ടിടങ്ങളും മറ്റും നേരത്തെതന്നെ പൊളിച്ചുമാറ്റിയിരുന്നു. തെങ്കാശി ആസ്ഥാനമായുള്ള ഷാന്‍ഫാകോ കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നത്. മാവൂരിലും പാറമ്മലിലുമായി ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളും മാവൂരില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളുമാണ് ഇനി ശേഷിക്കുന്നത്. കൂളിമാട് റോഡരികിലെ ഗ്രാസിം വളപ്പിന്റെ സുരക്ഷാ മതിലുകളുടെ പലതവണ ഭാഗവും ഇടിഞ്ഞു വീണ നിലയിലാണ്.
പ്രതിഷേധസമരങ്ങളെ തുടര്‍ന്ന് 1999 മേയ് മാസത്തിലാണ് ഫാക്ടറി ഉല്‍പാദനം നിര്‍ത്തുന്നത്. 2001 ജൂലൈ ഏഴിന് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി കമ്പനി അടച്ചുപൂട്ടി. തുടര്‍ന്ന് തൊഴിലാളികളും കുടുംബങ്ങളും ഒഴിഞ്ഞുപോയതോടെ കെട്ടിടങ്ങള്‍ ബാക്കിയായി. മൂന്നും നാലും നിലകളിലുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മര ഉരുപ്പടികളെല്ലാം സാമൂഹികവിരുദ്ധകള്‍ കവര്‍ന്നു. ശേഷിക്കുന്ന കെട്ടിട ഭാഗങ്ങള്‍ കാടുകയറി അപകടഭീഷണി ഉയര്‍ത്തുകയാണ്. അടുത്ത മാസത്തോടെ കെട്ടിടങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കാനാണ്തീരുമാനം.


