മുക്കം: പുന്നയ്ക്കല്‍ തുരുത്ത് ചപ്പാത്തിനു സമീപം കാര്‍ കത്തി യാത്രക്കാരന് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുമാണ് ഭാര്യ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജനുവരി 13ന് പുലര്‍ച്ചെയാണ് പുന്നയ്ക്കല്‍ സ്വദേശി താഴത്തു പറമ്പില്‍ പ്രിന്‍സ് സഞ്ചരിച്ച കാര്‍ കത്തുന്നതായി ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ച ശേഷം നടത്തിയ തിരച്ചിലിലാണ് ഡ്രൈവിങ് സീറ്റില്‍ ഒരാളുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെഎല്‍ 10എബി 0177 എന്ന നമ്പറില്‍ ഉള്ള പുന്നയ്ക്കല്‍ സ്വദേശി താഴത്തു പറമ്പില്‍ പ്രിന്‍സിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചതെന്ന് വ്യക്തമാകുന്നത്. ഇയാളുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ പ്രിന്‍സ് സ്ഥലത്തില്ലെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. സാഹചര്യ തെളിവ് അനുസരിച്ച് കാര്‍ ഉടമ പ്രിന്‍സിന്റെ മൃതദേഹം ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും പിന്നീട് സംസ്കാരം നടത്തുകയും. എന്നാല്‍, തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും ഇല്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കാണിച്ചാണ് പ്രിന്‍സിന്റെ ഭാര്യ ടെനി തോമസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


