കക്കയം: വനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതോടെ കക്കയം വിനോദ സഞ്ചാര കേന്ദ്രം ഭീതിയിലാണ്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് കഴിഞ്ഞ് ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ്, മകള്‍ ആന്‍മരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പാര്‍ക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു. എന്നാല്‍ വനം വകുപ്പ് കാട്ടുപോത്തിനെ കണ്ടെത്തിയെങ്കിലും ഇതുവരെ ഉള്‍വനത്തിലേക്ക് തുരത്താനായില്ല. സഞ്ചാരികളെ കാട്ടുപോത്ത് കുത്തിയതോടെ കക്കയം ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. വനംവകുപ്പ് മൂന്നു സംഘങ്ങളായി നടത്തിയ തിരച്ചിലില്‍ കാട്ടുപോത്തിനെ കണ്ടെത്തി.
ഇപ്പോള്‍ കാട്ടുപോത്ത് നിരീക്ഷണത്തിലാണെന്നും ഉള്‍വനത്തിലേക്ക് തുരത്താന്‍ ശ്രമം തുടങ്ങയിതായും വനംവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ സുരക്ഷാ ഭീഷണി ഒഴിയുന്നില്ലെന്നാണ് ഹൈഡല്‍ ടൂറിസം ജീവനക്കാരുടെ പരാതി. അവധി ദിവസങ്ങളില്‍ കക്കയത്ത് ആയിരത്തോളം പേരാണെത്തുന്നത്. ടിക്കറ്റ് കൗണ്ടറുകളില്‍ നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ സേവനമില്ല. അപകടം സംഭവിച്ചാല്‍ അധികൃതരെ അറിയിക്കാനും സംവിധാനമില്ല. വനംവകുപ്പിന്റെ ഉരക്കുഴി അണക്കെട്ട് മേഖലയില്‍ വാഹന സൗകര്യമില്ലാത്തതും പ്രതിസന്ധിയാണ്. കൂടാതെ ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി ചെമ്പനോട റോഡിലെ വനമേഖലയിലും കാട്ടുപോത്തുകള്‍ സന്ധ്യാസമയങ്ങളില്‍ റോഡിലിറങ്ങുന്നത് പ്രദേശവായികളെ ആശങ്കയിലാക്കുന്നുണ്ട്. കൃഷിയിടങ്ങളിലും വീടിന് മുറ്റത്തു പോലും കാട്ടുപോത്തുകളെത്തി ജീവന് ഭീഷണിയാകുകയും കൃഷി നാശം വരുത്തുന്നതായും കര്‍ഷകര്‍പറയുന്നു.


