കോഴിക്കോട്: അശോകപുരം കുനിയില്‍ കാവ് റോഡില്‍ കിലോമീറ്ററോളം ഭാഗത്താണ് റോഡിന് ഇരുവശത്തുമായി ഇരുചക്രവാഹനങ്ങളടക്കം പാര്‍ക്ക് ചെയ്തിരിക്കുന്നത്. എരഞ്ഞിപ്പാലം ബൈപ്പാസില്‍ നിന്നും കോഴിക്കോട് നഗരത്തിലേക്കും ക്രിസ്ത്യന്‍കോളേജിലേക്കും എളുപ്പമാര്‍ഗ്ഗം എത്താന്‍ സാധിക്കുന്ന റോഡിന്റെ ഇരുവശങ്ങളും കയ്യേറിയാണ് ഈ പാര്‍ക്കിങ്.
പാര്‍ക്കിങ് നിരോധിച്ച റോഡിലാണ് വാഹനങ്ങളുടെ നീണ്ടനിര. അനധികൃത വാഹന പാര്‍ക്കിങ്ങും റോഡ് കൈയേറിയുള്ള കച്ചവടവും കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും യാത്ര ദുഷ്‌കരമാക്കുന്നു. റോഡില്‍ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡരികില്‍ അനധികൃത പാര്‍ക്കിങ്ങുകൂടിയാകുമ്പോള്‍ നടയാത്രപോലും ഇവിടെ ദുസ്സഹമാണ്. സമീപത്ത് പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റുമായി വരുന്ന വാഹനങ്ങള്‍ റോഡിന്റെ രണ്ടുവശങ്ങളിലായാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുകാരണം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും അത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്. നഗരത്തില്‍ എത്തുന്നവര്‍ക്ക് സുഗമമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തണമെന്നും അനധികൃത പാര്‍ക്കിങ് തടയണമെന്ന ആവശ്യവും ഇതോടെശക്തമാവുകയാണ്.


