താമരശ്ശേരി: ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ജ്വല്ലറിയിലെ മതില്‍ കുത്തിതുരന്ന നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ താമരശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കടയുടെ മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപത്തായുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് പിന്നാലെ കോഴിക്കോട് റൂറല്‍ എസ് പി അഖിത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച സംഘം സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
മോഷ്ടാക്കളെന്ന് കരുതുന്ന മൂന്ന് പേരുടെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ കടയുടെ ഭിത്തി തുരന്ന് അകത്ത് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം മോഷണം നടന്ന സ്ഥലത്ത് ഫൊറന്‍സിക് സംഘവും ഡ്വാഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടാക്കല്‍ കവര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു ലോക്കറിലെ മൂന്ന് ഭാഗങ്ങളില്‍ ഒരു ഭാഗം തകര്‍ത്താണ് സ്വര്‍ണ്ണം കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ്സ്ഥാപനം.


