കൊടിയത്തൂര്‍: രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനം നാടൊട്ടാകെ ആഘോഷമാക്കുമ്പോള്‍ സ്വന്തം നിലയില്‍ ആഘോഷമാക്കുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ കുളങ്ങര സ്വദേശിയായ വി. സുബ്രഹ്‌മണ്യന്‍ എന്ന മുന്‍ പട്ടാളക്കാരന്‍. ഇത്തവണ പ്രദേശത്തെ ഹരിത കര്‍മസേനാംഗംങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും വിധവകളെ ആദരിച്ചുമാണ് റിപ്പബ്ലിക് ദിനം ഇയാള്‍ ആഘോഷമാക്കിയത്.
13 വര്‍ഷത്തോളമായി ഇത്തരത്തില്‍ വേറിട്ട രീതിയില്‍ തന്നെയാണ് സുബ്രമണ്യന്റെ സ്വാതന്ത്ര്യ ദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും നടക്കുന്നത്.
ഇരുപത്തി അഞ്ച് വര്‍ഷം മുന്‍പാണ് സുബ്രമണ്യന്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. എല്ലാ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും കുളങ്ങര അങ്ങാടിയില്‍ പതാകയുയര്‍ത്തും. പിന്നെ പ്രദേശവാസികള്‍ക്ക് എന്തെങ്കിലും വിതരണം ചെയ്യും. 1980 ല്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ആര്‍മിയില്‍ ചേര്‍ന്ന സുബ്രഹ്‌മണ്യന്‍ ഇരുപതു വര്‍ഷത്തെ സേവനത്തിനു ശേഷം 2000 ത്തിലാണ് വിരമിച്ചത്. ഇതിനിടെ മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ല്‍ പാക്കിസ്ഥാനുമായി നടന്ന കാര്‍ഗില്‍ യുദ്ധത്തിലും പങ്കെടുത്തു തന്റെ യുദ്ധവീര്യവും തെളിയിച്ചിട്ടുണ്ട്സുബ്രഹ്‌മണ്യന്‍.


