കോഴിക്കോട്: പക്ഷികളുടെ ലോകത്തെ തുറന്ന് കാട്ടി ചിറകടികള്‍ പ്രദര്‍ശനത്തിന് ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. 2019ല്‍ കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ വലിയ രാജഹംസം എന്ന ദേശാടന പക്ഷിയെ ആളുകല്‍ കല്ലെറിഞ്ഞ് കൊന്നതില്‍ വേദനിച്ചാണ് പക്ഷിസ്നേഹികള്‍ കോഴിക്കോട് ബേഡേഴ്സ് എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. സംഘടനയുടെ ഭാഗമായ 3 സ്ത്രീകളടക്കമുള്ള 14 ഫോട്ടോഗ്രാഫര്‍മാരുടെ പരിശ്രമത്തിന്റെ ഫലമാണ് ചിറകടികള്‍ എന്ന കൂട്ടായ്മ.
അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ബാണാസുര ചിലുചിലപ്പന്റെയും രാജസ്ഥാനിലെ മീന്‍കൂമന്റെയും സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പിലിന്റെയടക്കം കാട്ടിലെയും നാട്ടിലെയും പക്ഷികളുടെ മിഴിവേറിയ 49 ഫോട്ടോകളും ഒരു പെയിന്റിങ്ങുമാണ് പ്രദര്‍ശനത്തില്‍ ഉളളത്. പ്രദര്‍ശനം കലക്ടര്‍ സ്നേഹില്‍ സകുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണിമുതല്‍ 7മണിവരെയാണ് പ്രദര്‍ശനം. ആദ്യ പ്രദര്‍ശനം 2020 ജനുവരിയിലാണ്നടത്തിയത്.


