അത്തോളി: തലക്കുളത്തൂര്‍ സിഎംഎംഎച്ച്എസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപക സംഗമവും പൂര്‍വ്വ അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. ‘വിനയം’ 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സാഹിത്യകാരന്‍ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പഠനം അവസാനിച്ചിട്ടില്ലെന്നും പുസ്തക വായനയിലൂടെ അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളെ കൂട്ടുകാരാക്കുക എന്ന് കുട്ടികളോട് പറയുക. നിങ്ങളുടെ കൈകളിലുണ്ടാകുന്ന ഏറ്റവും മഹത്തായ സ്വപ്നമാണ് ഒരു പുസ്തകം. കുട്ടികളെ പ്രസവിക്കുന്നതിനു പകരം ഡൗണ്‍ലോടെടുക്കുകയാണെന്ന് പറയുന്ന ഈ കറുത്ത കാലത്ത് പുസ്തകങ്ങളെ കുറിച്ചു പറയുക വിനയം പോലുള്ള പരിപാടികളിലൂടെ അധ്യാപകരെ ആദരിക്കുക എന്നതൊക്കെ ഇക്കാലത്തെ വലിയ പ്രതിരോധ പ്രവര്‍ത്തനവും നന്മയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ ഹന്ന ഹഗര്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള ആദരവ് സമര്‍പ്പിച്ചു. കോമഡി ഫെയിം സുബീഷ് കടവത്തൂര്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് പരിപാടിയുടെ ലോഗോ തയ്യാറാക്കിയ വിജയിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികൂട്ടായ്മ പ്രസിഡന്റ് ബഷീര്‍ കേളോത്ത് സമ്മാനം നല്‍കി. കൂടാതെ സൈക്കിളില്‍ ലോകം ചുറ്റിയ ഫായിസ് തലക്കുളത്തൂരിനെ ആദരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എം.പി. സനീഷ് റിപ്പോര്‍ട്ടും അനുമോദന പത്രം സംഘാടക സമിതി ജോ. കണ്‍വീനര്‍ കെ. ഫര്‍സാനയും അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി. ബിന്ദു, പി.ടി.എ പ്രസിഡന്റ് ഇ.കെ. അഖ് മര്‍, പ്രധാന അധ്യാപിക രാജലക്ഷ്മി, മാനേജേര്‍ മധു മാസ്റ്റര്‍, സ്പോര്‍ട്സ് അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍, കവി റഹീം പുഴയോരത്ത്, സ്വാഗതസംഘം ചെയര്‍മാന്‍ പി.എം. ജമാല്‍, ട്രഷറര്‍ എം.കെ. ഇസ്മായില്‍, പൂര്‍വ്വാധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് അധ്യാപകരെ വേദിയിലേക്ക് ആനയിച്ചത്. പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും മെഗാ ഗാനമേളയുംഅരങ്ങേറി.


