ബേപ്പൂര്‍: ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎം ആന്റ് ബിസി (ബിറ്റുമിനസ് മക്കാഡം & ബിറ്റുമിനസ് കോണ്‍ക്രീറ്റ്) നിലവാരത്തില്‍ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോര്‍പ്പറേഷന്‍ 49 ഡിവിഷനിലെ മാറാട് മുത്താച്ചികുളം വയല്‍ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതില്‍ വലിയൊരു ശതമാനം പ്രവൃത്തിയും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായാണ് നടക്കുന്നത്.
പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കൃത്യമായി നിരന്തര പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 27 റോഡുകളുടെ നവീകരണ പ്രവര്‍ത്തിക്കായി രണ്ടര വര്‍ഷത്തിനകം 380 കോടിയിലധികം രൂപയാണ് ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മാത്രമായി വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍ കൊല്ലരത്ത് സുരേഷന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ വാടിയില്‍ നവാസ്, കെ. രാജീവ്, മുന്‍ കൗണ്‍സിലര്‍ പേരോത്ത് പ്രകാശന്‍, കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫാസില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍സംസാരിച്ചു.


