താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി റിട്ട. ഫയര്‍ ഓഫീസറായ കണ്ടമ്പലത്ത് കെ.പി. ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഐഎം താമരശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത കാര്‍ഷികവിളകളാണ് രാത്രിയുടെ മറവില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. വയല്‍ വരമ്പില്‍ നട്ടുവളര്‍ത്തിയ 12 തെങ്ങിന്‍ തൈ, 42 കവുങ്ങ്, നാല് ജാതി എന്നിവയാണ് നശിപ്പിച്ചത്. കുലയ്ക്കാറായ തെങ്ങും കവുങ്ങും, റബ്ബൂട്ടാനും വെട്ടിനശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയത്. പൊതു യോഗം പാര്‍ട്ടി ഏരിയകമ്മി അംഗം കെ.കെ. അപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. മാടത്തില്‍ സന്ദീവ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി അധികാരികള്‍ സ്വീകരിക്കണം എന്നും, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി നാടിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേ വലിയ പ്രതീക്ഷയോടെ ആരംഭിച്ച കൃഷിയെ സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് നശിപ്പിക്കുന്നത് പതിവായതോടെ എറെ ദുരിതത്തില്‍ ആയിരിക്കുകയാണ് ജയപ്രകാശ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയല്‍ക്കാരുടെ സഹകരണത്തോടെ ഇറക്കിയ കൃഷിയില്‍ 500 ലധികം വരുന്ന കവുങ്ങുകള്‍ ഇതിന് മുന്‍പും സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചിരുന്നു. എന്നാല്‍ കൃഷി നശിപ്പിച്ചതിന് പിന്നിലുള്ള കാരണമെന്താണ് ഇന്നും വ്യക്തമല്ല. കര്‍ഷകരെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം. താമരശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വാര്‍ഡ് മെമ്പര്‍ എം.വി. യുവേഷ്, കെ.പി. രാധാകൃഷ്ണന്‍, വി. രാജേന്ദ്രന്‍, എം. വിജയന്‍, ഗോപിമാസ്റ്റര്‍, ബിജീഷ്, എം.ആര്‍. ഷംജിത്ത് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.


