Kozhikode Vision

ജനുവരി 31 കരിദിനമായി ആചരിക്കും; കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ ശക്തമായ സമരവുമായി സിഒഎ സംസ്ഥാന കമ്മിറ്റി

ജനുവരി 31 കരിദിനമായി ആചരിക്കും; കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ ശക്തമായ സമരവുമായി സിഒഎ സംസ്ഥാന കമ്മിറ്റി

കോഴിക്കോട്: കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. വാടകനല്‍കിയില്ലെങ്കില്‍ കേബിളുകള്‍ അഴിച്ചുമാറ്റുമെന്നാണ് ഉദ്യോഗസ്ഥരുടെപക്ഷം. ഒരു പോസ്റ്റില്‍ നിന്നും ഒന്നിലേറെ കേബിളുകള്‍ വലിക്കുന്നതിനാല്‍ തന്നെ ഇവയ്ക്ക് ഉയര്‍ന്ന വാടക ഈടാക്കുന്നതും ചെറുകിട ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നതെന്ന് സിഒഎ സംസ്ഥാന കമ്മിറ്റി പറഞ്ഞു. സംസ്ഥാനത്തെ കേരളവിഷന്‍ പോലുള്ള ചെറുകിട കേബിള്‍ ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരെ തകര്‍ത്ത് ചില വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സി ഒ എ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതോടെ
സംസ്ഥാനത്തെ ഭൂരിപക്ഷം വീടുകളിലും സ്ഥാപനങ്ങളിലും കേബിള്‍ ടിവി, ഇന്റര്‍നെറ്റ് സര്‍വ്വീസ് തടസ്സപ്പെടും. വന്‍കിടകോര്‍പ്പറേറ്റുകള്‍ക്ക് സഹായിക്കാനുള്ള ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. ഇതിന്റെ ഭാഗമായി ജനുവരി 31 കരിദിനമായി ആചരിക്കുമെന്നും ജില്ലകള്‍ കേന്ദ്രീകരിച്ച് കെ എസ് ഇ ബി എല്‍ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ സമരം നടത്തുമെന്നും ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച, സ്റ്റാര്‍ട്ടപ്പുകളേയും ചെറുകിട സംരംഭങ്ങളേയും ഡിജിറ്റല്‍ സേവനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള നയം സര്‍ക്കാര്‍ നടപ്പിലാക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ മാധ്യമ മേഖലയുടെ ഭാഗമായ ചെറുകിട കേബിള്‍ ടിവി – ബ്രോഡ്ബാന്‍ഡ് സംരംഭകരോട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ എസ് ഇ ബി എല്‍ ഈ രീതിയിലുള്ള നടപടി സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കുന്ന പോസ്റ്റുകളുടെ വാടക നിജപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അനുകൂല നിലപാടിനായി കാത്തിരിക്കുമ്പോള്‍ കെ എസ് ഇ ബി എല്‍ സ്വീകരിക്കുന്ന ഇത്തരം നടപടികളെ സംശയത്തോടെ മാത്രമേ വീക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സി ഒ എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്, ജനറല്‍ സെക്രട്ടറി കെ വി രാജന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി എസ് രജനേഷ് എന്നിവര്‍സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *