കോഴിക്കോട്: ചാത്തമംഗലം എന്‍ഐടിയില്‍ വ്യാഴാഴ്ച ഉണ്ടായ വിദ്യാര്‍ത്ഥി സമരത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്നും നിര്‍ദേശം നല്‍കുകയും ചെയ്തു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാര്‍ത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ വ്യാഴാഴ്ച ക്യാംസിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്‍ ഐ ടി ക്യാമ്പസ് ഗേറ്റിനു മുന്നില്‍ ഇന്ത്യയുടെ ഭൂപടം വരച്ച് ത്രിവര്‍ണ്ണ പതാകയുടെ കളര്‍ നല്‍കിയും, എസ്എഫ്ഐ ,എം എസ് എഫ്, ഫ്രേറ്റേര്‍ണിറ്റി മൂവ്മെന്റ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചുമാണ് പ്രതിഷേധിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതോടെ പോലീസ് ലാത്തി വീശി.
ലാത്തി ചാര്‍ജില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് വരെ തുടര്‍ന്ന സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ താല്‍ക്കാലികമായി പിന്‍വലിക്കാന്‍ എന്‍ഐടി തീരുമാനിച്ചിരുന്നു.അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എന്‍ഐടി ക്യാമ്ബസിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെകൂട്ടായ്മയായ സയന്‍സ് ആന്‍ഡ് സ്പിരിച്വാലിറ്റി എന്ന ക്ലബ്ബാണ് കഴിഞ്ഞ മാസം 22 ന് ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ തയാറാക്കിയത്. ഇതിനെതിരെ ഇന്ത്യ രാമരാജ്യമല്ലെന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച ബി ടെക് വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നത്. നേരത്തെയും അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡന്റ് ഡീന്‍ നടപടിയെടുത്തത്. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് ഈ തീരുമാനം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്


