Kozhikode Vision

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു, തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു, തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം

കോഴിക്കോട്: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറാന്‍ ബസുടമകള്‍ തീരുമാനിച്ചത്.

140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബസ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. .

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ രവി രാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമെന്നും ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബര്‍ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസംഘടന അറിയിച്ചത്. ഒക്ടോബര്‍ 31ന് സ്വകാര്യബസുകള്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ബസുകളില്‍ നിരീക്ഷണ ക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്വകാര്യബസുടമകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *