കോഴിക്കോട്: ആദായനികുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി കേരള സ്‌മോള്‍ എന്റര്‍പ്രൈസസ് കൗണ്‍സില്‍ സ്റ്റേറ്റ് കമ്മിറ്റി. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയായ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധസമരം സംസ്ഥാന പ്രസിഡണ്ട് കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സംരംഭകത്വശേഷി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയായ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം കാര്യക്ഷമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരള സ്‌മോള്‍ എന്റര്‍പ്രൈസസ് കൗണ്‍സില്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് കാവില്‍ പി. മാധവന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് അത്തരം പ്രശ്നം പരിഹരിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി സംരംഭകര്‍ക്ക് തന്നെ വിനയാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് കാവില്‍ പി. മാധവന്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഖാദി കമ്മീഷന്‍ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ പദ്ധതിയിലൂടെ സാധിച്ചു. വായ്പ എടുത്തു മൂന്ന് വര്‍ഷത്തിനുള്ളില്‍ യൂണിറ്റ് പരിശോധന നടത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തുകയും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംരംഭകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2016-17 വര്‍ഷം മുതല്‍ യൂണിറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ചുമതല കെവിഐസി, കെവിഐബി, ഡിഐസി എന്നീ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് എടുത്തു മാറ്റുകയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍സിസി ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുകയും ചെയതു. പിന്നീട് കരാറെടുത്ത ഏജന്‍സി പരിശോധന നടത്തി യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട സബ്സിഡി തുക സംരംഭകന് ലഭിക്കാതെ വരുന്ന സ്ഥിതിയാണെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അസീസ് അവേലം, മലപ്പുറം ജില്ല പ്രസിഡണ്ട് കോട്ടയില്‍ കുഞ്ഞാമു, ജില്ലാ പ്രസിഡണ്ട് ലോഹിതാസന്‍ കോവൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.


