Kozhikode Vision

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂര്‍ കൂളിമാട് എരഞ്ഞിമാവ് റോഡ് നവീകരിച്ച് ദിവസങ്ങള്‍ക്കകം തകര്‍ന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തത്. സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്റെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു.

കരാറുകാരന്‍ സ്വന്തം ചെലവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് എളുപ്പമാര്‍ഗ്ഗമാണ് കോഴിക്കോട് -ഊട്ടി ഹ്രസ്വദൂരപ്പാത. ആറ് കോടി രൂപയോളം ചിലവഴിച്ച് നവീകരിച്ച റോഡില്‍ കൂളിമാട് – എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റര്‍ റോഡാണ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്നത്. താത്തൂര്‍ പൊയില്‍, കൂളിമാട്, എരഞ്ഞിമാവ്, പന്നിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ ആണ് റോഡ് ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തില്‍ തകര്‍ന്നത്. റോഡിന്റെ നെടുകെ ആഴത്തില്‍ കീറിയ നിലയിലും റോഡ് അരികുകളിലെ ടാറിംഗ് തെന്നി നീങ്ങിയ നിലയിലും ആണ് ഉള്ളത്. റോഡ് ടാറിങ് ചെയ്യുന്ന സമയത്ത് തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും അതെല്ലാം ചെവി കൊള്ളാതെയാണ് കരാറുകാര്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍റോഡ് വിള്ളല്‍ വന്ന് തകര്‍ന്ന ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *