കോഴിക്കോട്: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീര്‍ത്തത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപ്രവാഹം അണിനിരന്നത്. ജില്ലയില്‍ മാത്രം രണ്ടുലക്ഷംപേര്‍ കണ്ണികളായതായി ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ വൈദ്യരങ്ങാടിവരെ 78 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത്രയും പേര് അണിനിരന്നത്. വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയില്‍ അണിനിരന്നവര്‍ പ്രതിജ്ഞ ചൊല്ലി. ഇതിനോടനുബന്ധിച്ച് ജില്ലയില്‍ 90 കേന്ദ്രങ്ങളില്‍ പൊതു യോഗങ്ങള്‍ ചേര്‍ന്നു. ജില്ലാ തല പരിപാടി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ടി.പി. രാമകൃഷ്ണന് എംഎല്‍എ, കാനത്തില്‍ ജമീല, എഴുത്തുകാരന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, കെ.പി. രാമനുണ്ണി, നടന് ഇര്‍ഷാദ് എന്നിവര്‍ ചങ്ങലയുടെ ഭാഗമായി. ജില്ലയിലെ വിവിധയിടങ്ങളിലും മനുഷ്യച്ചങ്ങല തീര്‍ത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പ്പറ്റ മുതല്‍ മുട്ടില്‍ വരെ 10 കിലോമീറ്റര്‍ ഉപചങ്ങല തീര്‍ത്തപ്പോള്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ സമീപ ജില്ലകളിലെ ചങ്ങലകളില്‍ പങ്കെടുത്തു. റെയില്‍വേ യാത്രാ ദുരിതം, സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണു ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലതീര്‍ത്തത്.


