Kozhikode Vision

വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനം വേണം

വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനം വേണം

കോഴിക്കോട് : വൈകുന്നേരങ്ങളില്‍ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ വിട്ടശേഷം കുട്ടികളെ നിയന്ത്രിക്കാനും ബസിലുള്‍പ്പെടെ കയറ്റിവിടാനുമായി ഒരു സംവിധാനം ഉണ്ടാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ട്രാഫിക് പോലീസിനെ കൂടാതെ അധ്യാപകര്‍, എന്‍.എ സ്.എസ്, എന്‍.സി.സി., സ്റ്റുഡന്‍സ് പോലീസ് കാഡറ്റുകള്‍, പി. ടി.എ. ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നതാണ്് ആവശ്യം.

പല സ്‌കൂളുകളും വിടുമ്പോള്‍ കുട്ടികള്‍ റോഡിലെ ഗതാഗതം ഉള്‍പ്പെടെ തടസ്സപ്പെടുത്തി മണിക്കൂറുകളോളം കൂട്ടം കൂടി നില്‍ക്കുന്നതായും പലപ്പോഴും നിയന്ത്രിക്കാനാവുന്നില്ലെന്ന ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രത്യേക കമ്മിറ്റി രൂപവല്‍ക്കരിക്കണമെന്ന ആവശ്യം ഉയരുന്നത്. നാലുമണിക്ക് സ്‌കൂള്‍വിട്ടാലും പലരും മണിക്കൂറുകള്‍ കഴിഞ്ഞാണ് ബസില്‍ കയറിപ്പോവുന്നത്. ഒരുപരിധിവിട്ട് ട്രാഫിക് പോലീസിന് ഇക്കാര്യത്തില്‍ ഇടപെടാനാവുന്നില്ല. അനുസരിക്കാന്‍ ഈ കുട്ടികളും വിമുഖത കാണിക്കുന്നു. കഴിഞ്ഞദിവസം നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിനുമുന്നിലെ ബസ്സ്‌റ്റോപ്പില്‍ മയക്കുമരുന്നു കേസിലെ പ്രതി സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് പ്രശ്‌നത്തിന്റെ ഗൗരവും ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ അധ്യാപകര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുമുണ്ടെങ്കില്‍ സ്‌കൂളിലെ കുട്ടികളല്ലാത്തവരെ തിരിച്ചറിയാനാവും. മാത്രമല്ല, അധ്യാപകര്‍ ഇടപെട്ടാല്‍ കുട്ടികളെ കൃത്യമായി നേരത്തേ ബസുകളില്‍ കയറ്റിവിടാനുമാവും. ബസ്സുകാര്‍ കയറ്റാത്ത പ്രശ്‌നം, അവരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കാനാവുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് അതത് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഡി.ഡി.ഇ. ഒഫീസിനെ ചുമതലപ്പെടുത്താനും തീരുമാനമായി. അതേസമയം ബസ്സില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങളും ചര്‍ച്ചയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *