കോഴിക്കോട്: കോഴിക്കോട് വച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് കേസില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നടക്കാവ് പോലീസിന് മുമ്പാകെ ഹാജരായി. നൂറ് കണക്കിന് ആളുകളുടെ അകമ്പടിയോടു കൂടിയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് എത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സുരേഷ് ഗോപിയെ അനുഗമിച്ചു. മഹിളാമോച്ചയുടെ ആഭിമുഖ്യത്തില്‍ നിരവധി വനിതാ പ്രവര്‍ത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി സ്ഥലത്ത് എത്തിയിരുന്നു. ഹാജരാകുന്നതിന് മുന്നോടിയായി കോഴിക്കോട് എസ് ജിയ്‌ക്കൊപ്പം എന്നെഴുതിയ പ്ലക്കാര്‍ഡുമായി സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് പദയാത്ര നടത്തി.
യാത്ര പോലീസ് സ്റ്റേഷന് സമീപം വച്ച് പോലീസ് തടഞ്ഞു. ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ കൈവെച്ചു എന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.


