കോഴിക്കോട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യുഡിഎഫ്, എല്‍ഡിഎഫ്,ബിജെപി, എസ്ഡിപിഐ, എന്നിങ്ങനെ നാല് സ്ഥാനാര്‍ഥികളാണ് വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിന്റെ വളപ്പില്‍ റസാക്കും, ഇടതുമുന്നണിയുടെ മണ്‍സൂര്‍ പാലിശ്ശേരിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കൂടാതെ ബിജെപിയുടെ ഇ.കെ. രാധാകൃഷ്ണനും എസ്.ഡി.പി.ഐയുടെ പി.എം. മുനീറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കോഴിക്കോട് ഭൂരേഖ തഹസില്‍ദാര്‍ സി. ശ്രീകുമാറിന്റെ മുന്‍പിലാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ് അംഗമായിരുന്ന എം.പി കരീം മരിച്ചതിനെ തുടര്‍ന്നാണ് പാറമ്മല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാര്‍ഡ് രൂപീകൃതമായത് മുതല്‍ യുഡിഎഫിന് മുന്‍തൂക്കം ഉള്ളതാണ് പാറമല്‍ വാര്‍ഡ്. കഴിഞ്ഞതവണ യുഡിഎഫിനകത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുസ്ലിം ലീഗിനായിരുന്നു ഇവിടെ സ്ഥാനാര്‍ഥിത്വം അനുവദിച്ചിരുന്നത്. ഇത്തവണയും യുഡിഎഫിലെ തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് മാവൂര്‍ പാറമ്മല്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. 1495 വോട്ടാണ് പാറമ്മല്‍ വാര്‍ഡില്‍ ആകെയുള്ളത്. കഴിഞ്ഞതവണ 600 ലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഈ വാര്‍ഡില്‍ നിന്നും വിജയിച്ചത്. ഇത്തവണയും ലീഡ് നിലനിര്‍ത്താനാകും എന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ യുഡിഎഫിന് അകത്തെ പടല പിണക്കങ്ങളും തര്‍ക്കങ്ങളും ഇടതു സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും എന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ഡിസംബര്‍ 12നാണ് പാറമ്മല്‍ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പതിമൂന്നാം തീയതി തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.


