പേരാമ്പ്ര: കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാന്‍ പേരാമ്പ്ര വീണ്ടും ഒരുങ്ങി. 62ാം മത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരു ദിനം മാത്രം ശേഷിക്കെ ഉത്സവത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു നാടും നഗരവും. 19 വേദികളിലായാണ് കലാകൗമാരം അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ മാറ്റുരയ്ക്കുന്നത്. കലോത്സവ ഒരുക്കങ്ങള്‍ക്കായി സബ് കമ്മിറ്റികളൊക്കെയും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി സംഘാടകര്‍
ഒരുക്കിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഓരോ വേദികള്‍ക്കും നല്‍കിയത് മഹാത്മാഗാന്ധിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പേരുകള്‍ എന്നതും ശ്രദ്ധേയമായിരിക്കുകയാണ്.
പേരാമ്പ്ര എച്ച്എസ്എസ് മൈതാനത്തെ പ്രധാന വേദി സബര്‍മതിയും സ്‌കൂളില്‍ തന്നെയുള്ള രണ്ടാംവേദി ഫീനിക്സും മൂന്നാം വേദി ധരാസനയുമാണ്. പേരാമ്പ്ര ടൗണ്‍ഹാളിലെ നാലാംവേദിക്ക് സേവാഗ്രാമെന്നും ഇറിഗേഷന്‍ ഓഫീസ് പരിസരത്തെ അഞ്ചാം വേദിക്ക് ടോള്‍സ്റ്റോയി ഫാമെന്നും പേരു നല്‍കി. വൈക്കം, ഗുരുവായൂര്‍, ബോംബെ, നവഖാലി, രാജ്ഘട്ട്, പയ്യന്നൂര്‍, പാക്കനാര്‍പുരം, വടകര, അഹമ്മദാബാദ്, ചമ്പാരന്‍, പീറ്റര്‍മാരിസ് ബര്‍ഗ്, അമൃത്സര്‍ ബല്‍ഗാം, ഖേദ എന്നിങ്ങനെയാണ് മറ്റുവേദികളുടെ പേരുകള്‍.
ഹരിത ചട്ടംപാലിച്ച് നടപ്പിലാക്കുന്ന കലോത്സവത്തിന്റെ വളണ്ടിയര്‍മാര്‍ പ്രധാനമായും ജില്ലയിലെ എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളായിരിക്കും. കലോത്സവത്തിന്റെ അഞ്ച് ദിനരാത്രങ്ങള്‍ ഉത്സവത്തിലാറാടിക്കാന്‍ അരയും തലയും മുറുക്കി അവരങ്ങനെ നിറഞ്ഞ് നില്‍ക്കും 19 വേദികളില്‍. മത്സരാര്‍ഥികളെയും അധ്യാപകരെയും വിധികര്‍ത്താക്കളെയും കലാസ്വാദകരെയും വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞുപേരാമ്പ്ര.


