പേരാമ്പ്ര: പേരാമ്പയ്ക്ക് ഇന്ന് മുതല്‍ ഇറക്കമില്ലാത്ത ദിനങ്ങള്‍. റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമാകുന്നതോടെയാണ് നാടും നഗരവുമെല്ലാം ഉത്സവലഹരിയിലായത്. കുച്ചുപ്പുടിയും ഭരതനാട്യവും ഒപ്പനയും ഉയര്‍ത്തുന്ന താളമേളങ്ങള്‍ക്കൊപ്പം ഒരു നാടും നഗരവും ചുവടുവെയ്ക്കുന്ന കാഴ്ച. 309 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനായി എത്തുക.
ഇന്ന് രാവിലെ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മേള ഉദ്ഘാടനം ചെയ്യ്തു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മിറ്റികളും, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.സി.സി ഗ്രൂപ്പുകളും സജ്ജമായി കലോത്സവ നഗരിയില്‍ തന്നെയുണ്ട്. ഹരിത ചട്ടം പാലിച്ചാണ് കലോത്സവം നടക്കുന്നത്. നഗരിയിലെത്തുന്നവര്‍ക്ക് ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒരേ സമയത്ത് 3000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള സബ് കമ്മിറ്റികളും സജ്ജമാണ്. സ്റ്റേജിതര മത്സരങ്ങള്‍ ഇന്നലെയാണ് ആരംഭിച്ചത്.
ആകെ19 വേദികള്‍
പേരാമ്ബ്ര എച്ച്എസ്എസ് മൈതാനിയില്‍ 6 ഉം നഗരത്തില്‍ ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്‌കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയന്‍സ് കോളേജ്, എന്‍.ഐ.എം എല്‍.പി സ്‌കൂള്‍, സെന്റ് ഫ്രാന്‍സിസ് ,ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയത്.


