കോഴിക്കോട്: പുതിയസ്റ്റാന്‍ഡിന്റെ ഭാഗത്തു നിന്ന് മേല്‍പ്പാലത്തിലേക്കുള്ള എസ്‌കലേറ്ററുകളിലൊന്നാണ് കഴിഞ്ഞദിവസം പണിമുടക്കിയത്. പുതിയസ്റ്റാന്‍ഡിന് സമീപം ഏറെ തിരക്കേറിയ ഭാഗത്താണ് എസ്സലേറ്റര്‍ മേല്‍പ്പാലം പ്രവര്‍ത്തിക്കുന്നത്. എസ്‌കലേറ്റര്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കായി ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം ഭാഗത്തിന് സമീപത്തേക്കാണ് മേല്‍പ്പാലമെത്തുന്നത്. ഈ ഭാഗത്ത് പ്രശ്‌നങ്ങളൊന്നുമില്ല. മുകളിലേക്ക് കയറുന്ന എസ്സലേറ്റര്‍ പുതിയസ്റ്റാന്‍ഡ് ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇറങ്ങിവരുന്ന വശത്തെ എസ്‌കലേറ്ററാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ച് പ്രതിഷേധിച്ചത്. എസ്‌കലേറ്ററിന്റെ സ്റ്റെപ്പിനും പൊട്ടലുണ്ട്.
സദാസമയവും ഏറെ തിരക്കേറിയ വഴിയാണിത്. ആയിരക്കണക്കിനാളുകളാണ് ദിവസവും മേല്‍പ്പാലത്തെ ആശ്രയിക്കുന്നത്. ഒരേസമയം 300 പേര്‍ക്ക് നടപ്പാലത്തിലൂടെ സഞ്ചരിക്കാന്‍പറ്റുന്ന രീതിയിലായിരുന്നു നിര്‍മാണം. ഇപ്പോള്‍ ആളുകള്‍ സ്റ്റെപ്പിനെയാണ് ആശ്രയിക്കുന്നത്. ലിഫ്റ്റുണ്ടെങ്കിലും പ്രായമാവര്‍ക്കുള്‍പ്പെടെ അതുപയോഗിക്കാനുള്ള പരിചയക്കുറവ് കാരണം സ്റ്റെപ്പിറങ്ങി വരുന്നതും പതിവ് കാഴ്ചയാണ്. റോഡ് മുറിച്ചുകടക്കാനും ഇവിടെ വേറെ കൃത്യമായവഴിയില്ല.
2020 നവംബര്‍ ഒന്നിനാണ് മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 11.35 കോടി ചെലവിലായിരുന്നു നിര്‍മാണം. പാലത്തിന്റെ നടത്തിപ്പും മറ്റുമെല്ലാം കരാറുകാര്‍ക്ക് വിട്ട് നല്‍കിയിരുന്നെങ്കിലും പണം ലഭിക്കാതായതോടെ നടത്തിപ്പ് കോര്‍പ്പറേഷന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.
എസ്സകലേറ്റര്‍, ലിഫ്റ്റ്, ലൈറ്റ് എല്ലാമായി മാസം 50,000 രൂപയിലും അധികമാണ് ചിലവ്. പണമടയ്ക്കാതായതോടെ മേയില്‍ കെ.എസ്.ഇ. ബി. ഫ്യൂസൂരിയതോടെ ലിഫ്റ്റിന്റെ പ്രവര്‍ത്തനംനിലച്ചിരുന്നു.


