പേരാമ്പ്ര: മനസ്സിന്റെ ഏകാഗ്രതയും കൈവിരലുകളുടെ താളവും രാഹുലിന് പിഴയ്ക്കില്ല. ഏതൊരു ചിത്രവും രാഹുലിന്റെ വിരലുകളില്‍ ഭദ്രമാണ്. നൂല്‍ ഉപയോഗിച്ച് ചിത്രകലയില്‍ വിസ്മയം തീര്‍ക്കുന്ന തിരക്കിലാണ് പേരാമ്പ്ര സ്വദേശി കല്ലൂര്‍ തട്ടാന്‍കണ്ടി രാഹുല്‍. 2000 മീറ്റര്‍ നൂലില്‍ 232 ആണി 80/80 സെ.മി മള്‍ട്ടി വ്ഡ് ഉപയോഗിച്ചാണ് പേരാമ്പ്ര ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ടി.കെ. രാഹുല്‍ പുതുപരീക്ഷണം നടത്തിയത്.
ചിത്രം നെയ്യലിന്റെ ലോകത്ത്് തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ ഈ പതിനഞ്ച് വയസുകാരന് സാധിച്ചു. 20 മുതല്‍ 30 ദിവസം വരെ എടുത്താണ് ഓരോ ചിത്രവും പൂര്‍ത്തിയാക്കുന്നത്. ചിത്രകലയോട് ചെറുപ്പം മുതലേ കൂട്ടുകൂടിയ രാഹുല്‍ നിരവധി പോര്‍ട്രൈറ്റുകളും ഒരുക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നൂല്‍ ആര്‍ട്ടിലെയും പരീക്ഷണം. കോവിഡ് കാലത്താണ് ചിത്രകലയിലെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനുള്ള ശ്രമം രാഹുല്‍ ആരംഭിച്ചത്. സ്ഥിരമായി ചെയ്യുന്ന പെന്‍സില്‍ ആര്‍ട്ട്, വാട്ടര്‍ കളര്‍, വാള്‍ പെയിന്റിംഗ് എന്നിവയില്‍ നിന്ന് വ്യതസ്തമായൊരു പരീക്ഷണം നടത്തി വിജയിച്ചതോടെ ഒരുപാട് ആളുകള്‍ അഭിനന്ദനവുമായി എത്തുന്നുണ്ടെന്ന് രാഹുല്‍ പറയുന്നു. ഏറ്റവും ഒടുവിലായി വിക്രം സിനിമയിലെ കമല്‍ ഹാസന്റെ ചിത്രമാണ് രാഹുല്‍ നൂല്‍പയോഗിച്ച് ചെയ്തത്.
പാശ്ചാത്യദേശത്ത് ഇത്തരം ശൈലി വളരെ പ്രചാരം നേടിയെങ്കിലും ഇന്ത്യയില്‍ ഇത് പുതിയ രചനാ സങ്കേതമാണ്. തന്റെ കരവിരുത് ഒരുപാട്പേരില്‍ പുഞ്ചിരി പടര്‍ത്തുന്നു എന്ന് അറിഞ്ഞതോടെ ഊര്‍ജമായി മാറിയെന്ന് രാഹുല്‍ പറയുന്നു. ചിത്രകലാകാരന്‍ ടി.കെ മോഹന്റെയും രജിതയുടെയും മകനായ രാഹുല്‍ അടുത്തതായി ബുദ്ധന്റെ ചിത്രം വരയ്ക്കാനുള്ള പണിപ്പുരയിലാണ്.


