Kozhikode Vision

പാറമ്മല്‍ പിടിച്ചെടുത്ത് യുഡിഎഫ് കോട്ട; നിലനില്‍ത്തി വളപ്പില്‍ റസാഖ്

പാറമ്മല്‍ പിടിച്ചെടുത്ത് യുഡിഎഫ് കോട്ട; നിലനില്‍ത്തി വളപ്പില്‍ റസാഖ്

മാവൂര്‍: യുഡിഎഫിന്റെ കോട്ടയായ മാവൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് പാറമ്മല്‍ പിടിച്ചടക്കാനുള്ള എല്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും ശ്രമങ്ങള്‍ പാളി. 302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പാറമ്മല്‍ വാര്‍ഡ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടായ വളപ്പില്‍ റസാഖ് നിലനിര്‍ത്തിയത്. എല്‍ഡിഎഫും എസ്.ഡി.പിഐയും ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും യുഡിഎഫിന്റെ കോട്ടയായ പാറമ്മലില്‍ വിള്ളല്‍ വീഴ്ത്താന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായില്ല എന്നതും യുഡിഎഫിന്റെ കരുത്തുറ്റമുന്നേറ്റം തെളിയിക്കുന്നതാണ്.

വാര്‍ഡിലെ സീറ്റിനെ ചൊല്ലി യുഡിഎഫിന് അകത്ത് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും വളപ്പില്‍ റസാഖിന്റെ വിജയത്തിന് തടസ്സമായിില്ല. പാറമ്മല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി എസ്ഡിപിഐ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞതവണ 125 വോട്ട് നേടിയ എസ്ഡിപിഐ ഇത്തവണ 312 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 215 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ 19 വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒന്‍പതു വോട്ടുകള്‍ മാത്രമാണ് നേടിയെടുക്കാന്‍ സാധിച്ചത്.

അതേസമയം കഴിഞ്ഞ തവണ യു ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച മുസ്ലീം ലീഗ് അംഗത്തിന് ലഭിച്ച 590 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ലഭിക്കാത്തത് വരും ദിവസങ്ങളില്‍ യു.ഡി.എഫിനകത്ത് വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത്തണ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ അസാന്നിധ്യം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. കൂടാതെ യൂത്ത് ലീഗിന്റെ പേരില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ നോമിനേഷന്‍ നല്‍കിയതും തിരഞ്ഞെടുപ്പിനു മുമ്പ് അണികള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ടിച്ചു. യു.ഡി.എഫ് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങള്‍ക്ക്പരിഹാരംകണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *