കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ നിര്‍മാണപദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകുന്നു. കാലാവധി രണ്ടു മാസം പിന്നിട്ടിട്ടും ടെന്‍ഡര്‍ ഉറപ്പിക്കാനായിട്ടില്ല. റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികള്‍, ഓവുചാല്‍ നിര്‍മാണം, മെയിന്റനന്‍സ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് എയര്‍പ്പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ ക്ഷണിച്ചത്.
സെപ്റ്റംബര്‍ 19-ന് പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറും ഒക്ടോബര്‍ 11-ന് അന്തിമ ടെന്‍ഡറും ഉറപ്പിക്കുന്ന രീതിയിലാണ് തുടക്കത്തില്‍ നടപടികളെടുത്തത്. പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ തുടക്കത്തില്‍ ആരും പങ്കെടുത്തില്ല. ഇതോടെ സെപ്റ്റംബര്‍ 19-ന് ആദ്യഘട്ട ടെന്‍ഡര്‍ ഉറപ്പിക്കാനായില്ല. പിന്നീട് നാലു കമ്പനികള്‍ വന്നു. എങ്കിലും ഇതുവരെയും സാങ്കേതിക നടപടികളും പരിശോധനകളും പൂര്‍ത്തിയാക്കി അന്തിമ ടെന്‍ഡര്‍ ഉറപ്പിച്ചിട്ടില്ല.
റണ്‍വേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ 90 മീറ്ററില്‍നിന്ന് 240 മീറ്ററാക്കുന്നതാണ് പ്രധാന പ്രവൃത്തി. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ 12.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. 19 മാസമാണ് റെസ നിര്‍മാണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒരു മണ്‍സൂണ്‍ പൂര്‍ണമായും മറ്റൊരു മണ്‍സൂണിന്റെ പകുതിയും മൂന്ന് മാസം അധികവുമാണ് കാലാവധി നിശ്ചയിച്ചത്.
നിലവിലെ റണ്‍വേക്ക് സമമായി മണ്ണിട്ടുയര്‍ത്തിയാണ് റെസ നിര്‍മിക്കേണ്ടത്. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്. വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വലിയ വിമാനങ്ങളുടെ തിരിച്ചുവരവും റെസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നു.
ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരില്‍ റെസ നിര്‍മിക്കുന്നതിന് നിലവിലെ റണ്‍വേ നിരപ്പില്‍ മണ്ണിട്ടുയര്‍ത്തണം. പദ്ധതി ആരംഭിച്ചാല്‍പ്പോലും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയെന്നത്വെല്ലുവിളിയാണ്.


