താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സിജില്‍ ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. കേസിലെ നാലാം പ്രതിയാണ് സിജില്‍, കവര്‍ച്ചാ സംഘം കൃത്യം നടത്താന്‍ ഉപയോഗിച്ച കറുപ്പ് ബൊലേറോ കാര്‍ സഹിതം മാളയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായത് അറിഞ്ഞ് സിജില്‍ ഒളിവില്‍ പോകുകയായിരുന്നു.
സിജിലിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതോടെ ഈ കേസില്‍ നിലവില്‍ ഏഴ് പേര്‍ അറസ്റ്റിലായി. ഡിസംബര്‍ 13-ന് രാവിലെ 8മണിയോടെയാണ് സംഭവം. ചുരം ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ വെച്ച് മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിക്കുന്നത്തിനായി കൊടുവള്ളിയിലേക്ക് കാറില്‍ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരില്‍ താമസക്കാരനുമായ വിശാല്‍ ഭഗത് മട്കരി എന്നാളെ രണ്ടു കാറുകളിലായി വന്ന കവര്‍ച്ച സംഘം മുന്‍പിലും പുറകിലുമായി തടഞ്ഞ് കാറിന്റെ സൈഡ് ഗ്ലാസ്സുകള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകര്‍ത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറില്‍ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി കടന്ന് കളയുകയായിരുന്നു.
സംഭവത്തിനു ശേഷം പതിനഞ്ചാം തീയ്യതിയാണ് വിശാല്‍ പരാതിയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സംഭവത്തെ കുറിച്ച് നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും മറ്റ് പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ കവര്‍ച്ച സംഘത്തിലെ ചിലരാണ് ആസൂത്രണം ചെയ്തത്. സ്വര്‍ണ്ണ-കുഴല്‍പ്പണ ഇടപാടുകാര്‍ മുതല്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കില്ലെന്ന് മനസ്സിലാക്കിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. കേസില്‍ പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 പേരെ കൂടിപിടികൂടാനുണ്ട്.


