Kozhikode Vision

ശിലാസ്ഥാപനം നടത്തിയത് 2009ല്‍, 15 വര്‍ഷം പിന്നിട്ടിട്ടും നിര്‍മ്മാണം ആരംഭിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ്

ശിലാസ്ഥാപനം നടത്തിയത് 2009ല്‍, 15 വര്‍ഷം പിന്നിട്ടിട്ടും നിര്‍മ്മാണം ആരംഭിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ്

കോഴിക്കോട്: ശിലാസ്ഥാപനം നടത്തി 15 വര്‍ഷം പൂര്‍ത്തിയായിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ് ഉടന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 2009ലാണ് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി മെഡിക്കല്‍ കോളേജില്‍ ബസ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിന് ശിലാസ്ഥാപനം നടത്തിയത്. പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടികളും പൂര്‍ത്തീകരിച്ചിട്ടില്ല.

ബസ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന്റെ മുന്നോടിയായി രണ്ടുവര്‍ഷം മുന്‍പേ മെഡിക്കല്‍ കോളേജില്‍ നിന്നും മാവൂരിലേക്ക് പോകുന്ന ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. അതോടെ യാത്രക്കാര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ ബസ് കാത്തിരിക്കുന്നതിനുള്ള സംവിധാനം കൂടി നഷ്ടമായി. മെഡിക്കല്‍ കോളേജില്‍ നിന്നും ബസ് കയറാന്‍ എത്തുന്ന യാത്രക്കാര്‍ ഇപ്പോള്‍ ബസ് കാത്തുനില്‍ക്കുന്നത് മെഡിക്കല്‍ കോളേജിലെ ഫുട്പാത്തിന് മുകളിലാണ്. ഇത് മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

ജില്ലയിലെ മലയോര മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും 350 ഓളം ബസ്സുകള്‍ ആണ് ഇതുവഴി പ്രതിദിനം1200 ലേറ സര്‍വീസുകള്‍ നടത്തുന്നത്.പഞ്ചായത്ത് തലത്തില്‍ പോലും ബസ്റ്റാന്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഏഷ്യയിലെ മൂന്നാം സ്ഥാനത്തുള്ള മെഡിക്കല്‍ കോളേജ് പരിസരത്ത് ബസ്റ്റാന്‍ഡ് ഒരുക്കിയില്ലെന്നത് ഏറെ ലജ്ജാകരമാണ്.

മെഡിക്കല്‍ കോളേജില്‍ -മാവൂര്‍ റോഡിന്റെ സമീപത്ത് ബസ്റ്റാന്‍ഡിനു വേണ്ടി നേരത്തെ തന്നെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെല്ലാം കാടുപിടിച്ച അവസ്ഥയിലാണ് ഇന്നുള്ളത്. ബസ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് ജില്ലാ ഭരണകൂടമോ സര്‍ക്കാറോ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ എത്തുന്ന ജനങ്ങള്‍ നേരിടുന്ന പ്രയാസത്തിന് പരിഹാരമായി അടിയന്തരമായി ബസ്റ്റാന്‍ഡ് നിര്‍മിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ്നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *