മീഞ്ചന്ത: കോഴിക്കോട് മീഞ്ചന്തക്ക് സമീപം അരക്കിണറില്‍ നിന്നും വില്‍പ്പന നടത്താനായി എത്തിച്ച മാരക ലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ പിടികൂടി. മലപ്പുറം, മൂച്ചിക്കല്‍ സ്വദേശി സി. രാഗേഷ്‌നെയാണ് ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 60.650 ഗ്രാം ബ്രൗണ്‍ ഷുഗറാണ് കണ്ടെടുത്തത്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വാടകക്ക് താമസിക്കുന്ന ഫ്‌ലാറ്റിന് സമീപമുള്ള അരക്കിണര്‍ താഴത്തും കണ്ടി ഭഗവതി ക്ഷേത്രം റോഡില്‍ വെച്ച് ഇയാള്‍ പിടിയിലാവുന്നത്. മദ്ധ്യപ്രദേശില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായി വരുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ അസ്സി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, മാറാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ മൂന്നര ലക്ഷത്തോളം രൂപ വരും. മറ്റ് ജില്ലകളില്‍ താമസികുന്നവര്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വാടക വീട് എടുത്ത് ലഹരി വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തില്‍ അരക്കിണര്‍, മാത്തോട്ടം, ഭാഗങ്ങളില്‍ പോലീസ് സംഘം ആഴ്ചകളായി നിരീക്ഷിച്ച് വരവെയാണ് ഇയാള്‍ പിടിയിലായത്. വാടകക്ക് വീട് കൊടുത്ത ഉടമസ്ഥനോ, അയല്‍വാസികള്‍ക്കോ ഇയാളെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്ത വിധത്തില്‍ തനിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ മുന്‍പ് മദ്ധ്യപ്രദേശില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ബ്രൗണ്‍ ഷുഗര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വിവരം ലഭിച്ചു. എസ്‌ഐ എ.കെ. അജിത്ത്, നാര്‍ക്കോട്ടിക്ക് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്‌മാന്‍ .കെ, അര്‍ജുന്‍ അജിത്ത് തുടങ്ങിയവര്‍നേതൃത്വംനല്‍കി.


