കോഴിക്കോട്: കൊച്ചി, കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് എംബാര്‍ക്കേഷന്‍ പോയിന്റു്കളില്‍ നിന്നും വ്യത്യസ്തമായി കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷാത്താളം രൂപയായി വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ വിമാന കമ്പനിയുടെ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും രാജ്യത്തെ മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്കിന് സമാനമായ തുകയാക്കി പുന:ക്രമീകരിക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടണമെന്നും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കേരളപ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ ഫിബ്രവരി 5 ന് തികളാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി സംഘം മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. എയര്‍ ഇന്ത്യ യഥേഷ്ടം നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രകാരില്‍ നിന്നും ഈടാക്കുന്നത്. ഈ തീരുമാനം റദ്ദാക്കി റീ ടെണ്ടര്‍ നടത്തുകയോ, ഇതര വിമാനകമ്പനികളെ ഉള്‍പ്പെടുത്തുകയോ ചെയ്ത് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നടപടി വ്യോമയാന മന്ത്രാലയം സ്വീകരിക്കണം. ഇത് സംബന്ധിച്ച് കേരള പ്രവാസി സംഘം ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നാമമാത്രമായ തുക കുറയ്ക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാനെ അറിയിച്ചതെന്നും പ്രവാസി സംഘം നേതാക്കള്‍ പറഞ്ഞു. ഇളവ് പ്രഖ്യാപിച്ചതിന് ശേഷവും കേരളത്തിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ളതിനേക്കാള്‍ ഇരട്ടി തുകയാണ് ടിക്കറ്റ് നിരക്ക്, കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ 60000 മുതല്‍ 70000 വരെയാണെങ്കില്‍ കുറവിന് ശേഷവും കോഴിക്കോട് നിന്ന് 130000 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. കൂടാതെ അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികള്‍ വിദേശ യാത്രക്കാരെ കൊള്ളയടിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി സംഘം ആവശ്യപ്പെട്ടു.
അവധിക്കാലങ്ങളില്‍ ടിക്കറ്റ് നിരക്ക് അഞ്ചും ആറും ഇരട്ടിയായാണ് വിമാനക്കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം തയ്യാറായിട്ടില്ല. വിമാനടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് പ്രവാസി സംഘം നേതാക്കള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ കേരളം പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാല്‍, പ്രസിഡണ്ട് കെ. സജീവ് കുമാര്‍, സാനകമ്മറ്റി അംഗങ്ങളയെഎം. സുമിത്രന്‍ എന്നിവര്‍ പങ്കോടുത്തു.


