വടകര: പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക് നടത്തിയത്. ആരോമല്‍ ബസ് ഡ്രൈവര്‍ ആവിക്കല്‍ സ്വദേശി രൂപേഷിനും ബസ് കണ്ടക്ടറായ രാജേഷിനുമാണ് ഇന്നലെ രാത്രി 8മണിയോടെ സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ രൂപേഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം വെളളിയാഴ്ചത്തെ മിന്നല്‍ പണിമുടക്കില്‍ ജോലിക്കാരും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ് എറെ വലഞ്ഞത്. വടകര-കൊയിലാണ്ടി, വടകര-പയ്യോളി-പേരാമ്പ്ര, വടകര-തോടന്നൂര്‍-ചാനിയംകടവ് വഴി, ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ റോഡ് എന്നീ റൂട്ടുകളിലെ യാത്രികരെയാണ് പണിമുടക്ക് സാരമായി ബാധിച്ചത്. പലരും ബസിന്റെ സമയം നോക്കി വന്നപ്പോഴാണ് സ്വകാര്യ ബസുകളുടെ പ്രതിഷേധ പണിമുടക്കിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് അത്യാവശ്യ യാത്രക്കാര്‍ ഓട്ടോയും മറ്റ് വാഹനങ്ങളും പിടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു. അതേ സമയം കോട്ടപ്പള്ളി, ആയഞ്ചേരി, വില്യാപ്പള്ളി, തണ്ണീര്‍പന്തല്‍ റോഡ്, കുറ്റ്യാടി, മണിയൂര്‍, മേമുണ്ട എന്നീ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് നടത്തുകയുംചെയ്തു.


