Kozhikode Vision

സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശം, താമരശ്ശേരി സ്വദേശിക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ

സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശം, താമരശ്ശേരി സ്വദേശിക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ

താമരശ്ശേരി: താമരശ്ശേരിയില്‍ അമേരിക്കയില്‍നിന്ന് അയക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25000 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിക്കാണ് അമേരിക്കയിലുള്ള സ്ത്രീസുഹൃത്തിന്റെ ബന്ധുവിന് നല്‍കാനായി പാക്കേജ് കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് 2023 ഡിസംബര്‍ 26-ന് ഫോണില്‍ വാട്‌സാപ്പ് സന്ദേശമെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നുപറഞ്ഞായിരുന്നു വാട്‌സാപ്പ് വഴി ബന്ധപ്പെട്ടത്. ബന്ധു നാട്ടിലില്ലാത്തതിനാല്‍ ഈങ്ങാപ്പുഴസ്വദേശിനിയുടെ മേല്‍വിലാസത്തില്‍ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടില്‍വന്നാല്‍ നല്‍കണമെന്നുമായിരുന്നു അറിയിച്ചത്.

പാക്കേജ് അയച്ചുകഴിഞ്ഞതായും അതില്‍ സ്വര്‍ണവും അറുപതിനായിരം യു.എസ്. ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് പിന്നീട് വാട്‌സാപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചുനല്‍കി. പാക്കേജ് ലഭിക്കാന്‍ നികുതി, കസ്റ്റംസ് ക്ലിയറന്‍സ് ചാര്‍ജ്, തുടങ്ങി ഓരോരോ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ സമയങ്ങളിലായി തട്ടിപ്പുകാരുടെ ബാങ്ക് എക്കൗണ്ടില്‍ പണം അടപ്പിച്ചത്. വീണ്ടും, വീണ്ടും തുക ആവശ്യപ്പെടുകയും, പാക്കേജ് ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായത് ബോധ്യപ്പെട്ടത്. അതോടെ ഇവര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയില്‍ താമരശ്ശേരി പോലീസ് ഐ.ടി. ആക്ട് 66 ഡി വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായിട്ടും ഇതൊന്നും കണ്ടു പഠിക്കാതെയാണ് വീണ്ടും ആളുകള്‍ കെണിയില്‍വീഴുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *