Kozhikode Vision

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുമായി മുഖാമുഖം; ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വേദിയാകും

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുമായി മുഖാമുഖം; ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വേദിയാകും

കോഴിക്കോട്: 10 വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ ആദ്യത്തേത്-വിദ്യാര്‍ത്ഥികളുമായുള്ള മുഖമുഖം-ഫെബ്രുവരി 18 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മൈതാനിയില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ഇത് സംബന്ധിച്ചു കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു വ്യക്തമാക്കി. രാവിലെ 9.30ന് തുടങ്ങുന്ന പരിപാടി 1.30 വരെ നീളും. വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട, ഓരോ കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഉള്ള കോളേജുകളില്‍ നിന്നും രണ്ട് പേരും ഇല്ലാത്ത കോളേജില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി വീതവും പങ്കെടുക്കണം. ആകെയുള്ള വിദ്യാര്‍ത്ഥികളില്‍ പകുതി പെണ്‍കുട്ടികള്‍ ആയിരിക്കണം. വകുപ്പിന് കീഴില്‍ അല്ലാത്ത കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി അവര്‍ക്കത് എത്തിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് മുഖാമുഖമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഈ മാസം 10നകം നല്‍കണമെന്ന് പരിപാടിയുടെ നോഡല്‍ ഓഫീസര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു പുറത്തില്‍ കവിയാതെ എഴുതി അപ് ലോഡ് ചെയ്യണം. അതില്‍ നിന്ന് തെരഞ്ഞെടുത്ത 50 പേര്‍ക്ക് മുഖമുഖത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാം. മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം 10 വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ വേദി പങ്കിടും. ഇവര്‍ ഓരോരുത്തരും മൂന്ന് മിനിറ്റ് നേരം സംസാരിക്കും. സംഘാടക സമിതി യോഗത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ്പ്, സച്ചിന്‍ ദേവ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി . ഗവാസ്, അസിസ്റ്റന്റ് കളക്ടര്‍ പ്രതീക് ജെയിന്‍, വാര്‍ഡ് മെമ്പര്‍ രമ്യ സന്തോഷ്, എ. പ്രദീപ് കുമാര്‍, കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ പി. പ്രിയ, പി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി ഡോ. ആര്‍. ബിന്ദു ചെയര്‍പേഴ്സണും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ജനറല്‍ കണ്‍വീനറുമാണ്. കെ. സുധീര്‍ ആണ് കോര്‍ഡിനേറ്റര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *