കോഴിക്കോട്: ഖവാലി സംഗീതം പകര്‍ന്ന ആത്മീയാനുഭൂതിയില്‍ അലിഞ്ഞുചേര്‍ന്ന് കോഴിക്കോട് ബീച്ച്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘടനത്തോട് അനുബന്ധിച്ച് ഹൈദരാബാദി ഖവാലി ഗായകരായ വാര്‍സി സഹോദരങ്ങള്‍ നയിച്ച ഖവാലി നിശയാണ് ആസ്വാദകരെ ആത്മീയാനുഭവത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത്. ആലപന മികവ് കൊണ്ടും ആലപിക്കാന്‍ തിരഞ്ഞെടുത്ത കലാമുകളുടെ മേന്മ കൊണ്ടും ഏറെ വ്യതിരിക്തത പുലര്‍ത്തിയ ചടങ്ങ് ആസ്വാദകര്‍ക്ക് അഭൂതപൂര്‍വ്വമായ ആനന്ദമാണ് പകര്‍ന്നുനല്കിയത്. കോഴിക്കോട്ടെ പെരുമയുള്ള സംഗീതാസ്വാദക സദസ്സ് തങ്ങളുടെ പേരിനോട് നീതി പുലര്‍ത്തുകകൂടി ചെയ്തപ്പോള്‍ ‘വിസാലേ ബിസ്മില്‍’ ഒരവിസ്മരണീയമായ അനുഭവമായി മാറി.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമാണ് രാത്രി എട്ടുമണിക്കാണ് ഖവാലി നിശ ആരംഭിച്ചത്. ജഷ്‌നേ രേഖ്തയിലടക്കം രാജ്യത്തെ നിരവധി ഗസല്‍-ഖവാലി സദസ്സുകളില്‍ സംഗീത പ്രകടനം കാഴ്ചവെച്ച വാര്‍സി സഹോദരന്മാര്‍ ആദ്യമായി കേരളത്തിലെത്തുന്ന ചടങ്ങാണിത്. പ്രധാന ഗായകരായ നസ്വീര്‍ അഹ്‌മദ് ഖാന്‍ വാര്‍സി, നസീര്‍ അഹ്‌മദ് ഖാന്‍ വാര്‍സി (വാര്‍സി ബ്രദേഴ്സ്) എന്നിവരോടൊപ്പം സംഗീതോപകരണങ്ങളാല്‍ അകമ്പടി നല്‍കിയവരും സദസ്സിന്റെ മനം കവര്‍ന്നു.ദോലക്കില്‍ സയീദ് ഹബീബ് വിസ്മയം തീര്‍ത്തപ്പോള്‍ തബലയില്‍ മുഹ്തഷിം അഹ്‌മദ് ഖാന്‍ വാര്‍സി ചടുലതാളം പകര്‍ന്നു. കോറസ് പാടാനെത്തിയ അസീസ് അഹ്‌മദ് ഖാന്‍ വാര്‍സിയും മുര്‍തസ അഹ്‌മദ് ഖാന്‍ വാര്‍സിയും ആസ്വാദകരുടെ ഹൃദയം കവര്‍ന്നു.
പ്രമുഖ ഖവാലി-ഗസല്‍ പാരമ്പര്യ കുടുംബത്തില്‍നിന്നും വരുന്ന വാര്‍സി ബ്രദേഴ്സ്, രാജ്യം പത്മശീ നല്‍കിയാധരിച്ച ഖവാലി ഗായകന്‍ അസീസ് അഹ്‌മദ് ഖാന്‍ വാര്‍സിയുടെ പേരമക്കളാണ്. ഇവരുടെ പിതാവ് സഹീര്‍ അഹ്‌മദ് ഖാന്‍ വാര്‍സിയും പ്രസിദ്ധ ഖവാലി ഗായകനാണ്. പിതാമഹനില്‍ നിന്നും സംഗീതം പഠിച്ച് തുടങ്ങിയ വാര്‍സി സഹോദരങ്ങള്‍ അമീര്‍ ഖുസ്രുവിന്റെ സൂഫിയാന കലാമുകളാണ് പ്രധാനമായുംആലപിക്കാന്‍ തിരഞ്ഞെടുക്കാറുള്ളത്. ഇവയ്ക്ക് പുറമെ ഗാലിബ്, മീര, കബീര്‍ എന്നീ പ്രസിദ്ധ സൂഫീകവികളുടെ കവിതകളും ആലപിക്കാറുണ്ട്.
ഖവാലി സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2014ല്‍ തെലങ്കാന ഗവണ്മെന്റ് ഇവരെ സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ഹൈദരാബാദ് നാംപള്ളിയിലെ പ്രസിദ്ധമായ യൂസുഫൈന്‍ ദര്‍ഗയില്‍ വ്യാഴാഴ്ച രാത്രി വാര്‍സി ബ്രദേഴ്സ് നടത്തിവരുന്ന ഖവാലി സദസ്സില്‍ പങ്കെടുക്കാന്‍ നിരവധി സംഗീതപ്രിയരാണ് എത്താറുള്ളത്.
ഖവാലി- ഗസല്‍ സംഗീതത്തിന് വലിയ സ്വീകാര്യതയുള്ള മണ്ണാണ് കേരളമെന്നും ആദ്യമായി കേരളത്തില്‍ പാടാനെത്തുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും വാര്‍സി സഹോദരങ്ങള്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ അമൂല്യ സ്വത്താണ് ഖവാലി. അതിന്റെ പ്രചാരകരായി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതിലും വലിയ സന്തോഷമില്ല’, വാര്‍സി സഹോദരങ്ങള്‍ പറഞ്ഞു.
നേരത്തെ നടന്ന ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എം.എല്‍.എഫ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണംനടത്തി.


